കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഓസീസ് പേസർ പാറ്റ് കമ്മിൻസ് അടുത്ത വർഷത്തെ ഐപിഎലിൽ നിന്ന് പിന്മാറി. ആഷസും ലോകകപ്പും അടക്കം രാജ്യാന്തര മത്സരങ്ങൾ ഉള്ളതിനാലാണ് ഐപിഎൽ ഒഴിവാക്കുന്നതെന്ന് ഓസ്ട്രേലിയയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ കൂടിയായ കമ്മിൻസ് പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് കമ്മിൻസിൻ്റെ പ്രഖ്യാപനം. ആവശ്യം അംഗീകരിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മാനേജ്മെൻ്റിന് കമ്മിൻസ് നന്ദി അറിയിച്ചു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും ഡൽഹി ഡയർഡെവിൾസിനുമായി ഐപിഎൽ കളിച്ചിട്ടുള്ള കമ്മിൻസ് 42 മത്സരങ്ങളിൽ നിന്ന് 45 വിക്കറ്റ് നേടിയിട്ടുണ്ട്. ബാറ്റ് കൊണ്ടും താരം ചില മികച്ച ഇന്നിംഗ്സുകൾ കാഴ്ചവച്ചു.
കൊൽക്കത്തയുടെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ സാം ബില്ലിംഗ്സും ഐപിഎലിൽ നിന്ന് പിന്മാറിയിരുന്നു. ഐപിഎലിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതായി ട്വിറ്ററിലൂടെ ബില്ലിംഗ്സ് സ്ഥിരീകരിച്ചു. ഗെയിമിന്റെ ദൈർഘ്യമേറിയ ഫോർമാറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് പിന്മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം നടന്ന ഐപിഎൽ ലേലത്തിൽ രണ്ട് കോടി രൂപയ്ക്കാണ് ബില്ലിംഗിനെ കെകെആർ വാങ്ങിയത്.
തന്റെ ഐപിഎൽ കരിയറിൽ 30 മത്സരങ്ങൾ കളിച്ച ബില്ലിംഗ്സ് 19.35 ശരാശരിയിൽ 128 സ്ട്രൈക്ക് റേറ്റോടെ 503 റൺസ് നേടിയിട്ടുണ്ട്. കൊൽക്കത്തയ്ക്കും, ഡൽഹിക്കും പുറമേ, ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി ക്യാപിറ്റൽസ് ടീമുകളിലും അദ്ദേഹം അംഗമായിരുന്നു.
READMORE : അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു