താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി.
Kerala Government flash news latest news

ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ല’; സ്വമേധയ കേസ് എടുത്ത് ഹൈക്കോടതി

താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും ഇത്തരം സംഭവം കേരളത്തിൽ ആദ്യമല്ലെന്നും കോടതി പറഞ്ഞു. രാവിലെ 10.15ന് സിറ്റിങ് ആരംഭിച്ചപ്പോൾത്തന്നെ അപകടവുമായി ബന്ധപ്പെട്ട ചില വിശദാംശങ്ങൾ ആരാഞ്ഞിരുന്നു. ഈ പ്രദേശത്തിന്റെ ചുമതലയുള്ള പോർട്ട് ഓഫിസർ ആരാണെന്നായിരുന്നു ആദ്യ ചോദ്യം. അഞ്ച് മിനിറ്റിനകം ഇക്കാര്യം അറിയിക്കാൻ കോടതി ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,ശോഭ അന്നമ്മ ഈപ്പൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കുട്ടികളടക്കം 22 പേർ മരിച്ചത് കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സംഭവം ഏറെ വേദനിപ്പിക്കുന്നുവെന്ന് പറഞ്ഞ കോടതി, ബോട്ട് ഓപ്പറേറ്റർ മാത്രമല്ല സംഭവത്തിൽ ഉത്തരവാദിയെന്നും ഇത്തരത്തിൽ സർവീസ് നടത്താൻ ഇയാൾക്ക് സഹായം കിട്ടിയിട്ടുണ്ടാകുമെന്നും നിരീക്ഷിച്ചു. പ്രതിയും ബോട്ടുടമയുമായ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി. കേസിൽ പ്രാഥമിക റിപ്പോർട്ട് കളക്ടർ വെള്ളിയാഴ്ച സമർപ്പിക്കും. പോർട്ട് ഓഫീസറും ജില്ലാ കളക്ടറും എതിർ കക്ഷികളാകും. അതേസമയം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മുഴുവൻ പേരെയും കോടതി അഭിനന്ദിച്ചു. 

താനൂർ ബോട്ടപകടം: തിരച്ചിൽ ഇന്നും തുടരും

മലപ്പുറം താനൂരിൽ 22 പേർ മരിച്ച ബോട്ടപകടം ഉണ്ടായ തൂവൽ തീരത്ത് ഇന്നും ദേശീയ ദുരന്ത നിവാരണ സേന തെരച്ചിൽ നടത്തും. ഇന്നലെ വൈകീട്ടോടെ 15 അംഗ ദേശീയ ദുരന്ത നിവാരണ സേന യൂണിറ്റ് കൂടി ദൗത്യ സംഘത്തിന് ഒപ്പം ചേർന്നിരുന്നു. ആരെയും കണ്ടെത്താൻ ഉള്ളതായി സ്ഥിരീകരണം ഇല്ലെങ്കിലും ഇന്ന് കൂടി തെരച്ചിൽ തുടരാനാണ് തീരുമാനം. എത്രപേർ ബോട്ടിൽ കയറിയെന്ന കൃത്യമായ കണക്ക് കിട്ടാത്തതാണ് പ്രതിസന്ധി. 

അതേസമയം പ്രതിയായ ബോട്ടുടമ നാസറിനെതിരെ ഇന്ന് കൂടുതൽ വകുപ്പുകൾ ചേർക്കും. ഇന്നലെ കോഴിക്കോട് നിന്നും പിടിയിലായ നാസറിനെതിരെ ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്ത് താനൂർ സ്റ്റേഷനിൽ എത്തിച്ചിരുന്നില്ല. നിരവധി ആളുകളാണ് ഇന്നലെ സ്റ്റേഷന് മുന്നിൽ തടിച്ചു കൂടിയത്. ഇന്നലെ രഹസ്യ കേന്ദ്രത്തിൽ വെച്ച് നാസറിനെ ചോദ്യം ചെയ്തിരുന്നു. 

ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരൻ രാജനും ഒളിവിലാണ്. മുൻ ദിവസങ്ങളിൽ അമിതമായി യാത്രക്കാരെ കയറ്റി ദിനേശൻ ബോട്ട് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തു വന്നിരുന്നു. താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിൽ 14 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തുറമുഖം വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തും.

Related posts

വിഐപികൾക്കും ഇളവില്ല; നിയമലംഘനം എഐ ക്യാമറയിൽപ്പെട്ടാൽ പിഴ ഒടുക്കണം

Sree

ഷിഗെല്ല രോഗബാധ; കാസര്‍ഗോഡ് ജില്ലയില്‍ ജാഗ്രത കടുപ്പിച്ച് ആരോഗ്യവകുപ്പ്

Sree

പുതിയ സുപ്രീം കോടതി ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു

Sree

Leave a Comment