ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനെ തിഹാർ ജയിലിൽ മസാജ് ചെയ്തത് പോക്‌സോ കേസ് പ്രതി. തടവുകാരനായ റിങ്കു എന്നയാളാണ് മസാജ് ചെയ്തതെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഇയാൾ ഫിസിയോതെറാപിസ്റ്റ് അല്ലെന്നും ജയിൽ അധികൃതർ അറിയിച്ചു.
നവംബർ 19നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റിന് പിന്നാലെ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മന്ത്രി സത്യേന്ദ്ര ജെയിന് ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായ പരിഗണന ലഭിക്കുന്നുവെന്ന് തെളിയിക്കുന്ന വിഡിയോ പുറത്ത് വരുന്നത്. സത്യേന്ദ്ര ജെയിന് ജയിലിനുള്ളിൽ സുഖചികിത്സ ഉൾപ്പെടെ ലഭിക്കുന്നുവെന്ന് തെളിയിക്കുന്ന വിഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. കട്ടിലിൽ വിശ്രമിക്കുന്ന ജെയിന്റെ കാല് ഒരാൾ മസാജ് ചെയ്ത് നൽകുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ശ്രദ്ധ നേടുന്നത്.
മെയ് 30നാണ് സത്യേന്ദ്ര ജെയിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. ഇതിന് ശേഷം മന്ത്രിക്ക് ജയിലിൽ 5സ്റ്റാർ പരിചരണമാണ് ലഭിക്കുന്നതെന്നാണ് ആരോപണം. ജയിലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണെന്ന ക്യാപ്ഷനോടെയാണ് വിഡിയോ പ്രചരിക്കുന്നത്.