വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരായ രണ്ടാം പ്രാക്ടീസ് മത്സരത്തിൽ ഇന്ത്യക്ക് 169 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റേൺ ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. നിക്ക് ഹോബ്സൺ (64), ഡാർസി ഷോർട്ട് (52) എന്നിവരുടെ അർധസെഞ്ചുറികളാണ് വെസ്റ്റേൺ ഓസ്ട്രേലിയക്ക് കരുത്തായത്. ഇന്ത്യക്കായി ആർ അശ്വിൻ മൂന്നും ഹർഷൽ പട്ടേൽ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
ജോഷ് ഫിലിപ്പെ (8) പെട്ടെന്ന് മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ ഹോബ്സണും ഷോർട്ടും ചേർന്ന 110 റൺസിൻ്റെ കൂട്ടുകെട്ട് വെസ്റ്റേൺ ഓസ്ട്രേലിയയെ മികച്ച സ്കോറിലെത്തിക്കുകയായിരുന്നു. ഇരുവരും പുറത്തായതോടെ വെസ്റ്റേൺ ഓസ്ട്രേലിയ തകർന്നു. ഹോബ്സനെ ഹർഷൽ പട്ടേൽ വീഴ്ത്തിയപ്പോൾ ഷോർട്ട് റണ്ണൗട്ടായി. തുടർന്ന് അശ്വിൻ ഒരു ഓവറിൽ ആഷ്ടൺ ടേണർ (2), സാം ഫാനിങ്ങ് (0), കാമറൂൺ ബാൻക്രോഫ്റ്റ് (6) എന്നിവരെ പുറത്താക്കി വെസ്റ്റേൺ ഓസ്ട്രേലിയയെ തകർച്ചയിലേക്ക് തള്ളിവിട്ടു. ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ 15 റൺസ് സ്കോർ ചെയ്യാൻ കഴിഞ്ഞതോടെയാണ് വെസ്റ്റേൺ ഓസ്ട്രേലിയ 160 പിന്നിട്ടത്. മാത്യു കെല്ലി 15 റൺസെടുത്ത് പുറത്താവാതെ നിന്നു.