ഭൂഗോളം കാല്‍പ്പന്തിലേക്ക് ചുരുങ്ങുന്ന ആഘോഷ രാവുകളാണ് ഇനിയുള്ള 29 ദിനം. അൽബെയ്ത്തിന്റെ പുൽനാമ്പുകൾ വിശ്വമേളയുടെ പദചലനങ്ങളിലമരാൻ ഇനി മണിക്കൂറുകൾ മാത്രം. ഒന്നിച്ച് തോളില്‍ കൈയിട്ട് നടന്നവര്‍ ഇഷ്ട ടീമിനായി തര്‍ക്കിച്ച് കലഹിച്ച് കൈയടിക്കുന്ന നാളുകളാണ് ഇനിയുള്ളത്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറുമായി ഇന്ന് നേർക്കുനേർ അങ്കത്തിനിറങ്ങും. ഇന്ത്യൻ സമയം രാത്രി 7.30 മുതൽ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. ഇന്ത്യയില്‍ നിന്നും ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. 32 രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ കാണാൻ 12 ലക്ഷം പേരെങ്കിലും ഖത്തറിലെത്തും.
സംഗീത ലോകത്തെ പ്രമുഖർ ലോകകപ്പിെൻറ ഭാഗമായി ഇന്ന് വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങിൽ അണിനിരക്കും. ലോകത്താകമാനം ആരാധകവൃന്ദമുള്ള കെ–പോപ് സംഘത്തിലെ പ്രധാനി ജങ് കുകിൻെറ പരിപാടിയാണ് ശ്രദ്ധേയമായ ഇനം. ബോളിവുഡ് നടിയും നർത്തകിയുമായ നോറ ഫത്തേഹി, അമേരിക്കൻ സംഗീത ബാൻഡായ ബ്ലാക്ക് ഐഡ് പീസ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ അണിനിരക്കും. വിവിധ രാജ്യക്കാരായ കലാകാരന്മാരുടെ പ്രകടനങ്ങളോടെയാണ് ദോഹ മെട്രോയിലും ബസിലും കാറിലുമെല്ലാം എത്തുന്ന ആരാധകരെ സ്‌റ്റേഡിയത്തിലേക്കു സ്വീകരിക്കുക. എന്തായാലും ഖത്തറിൽ ഫുട്ബോൾ പിറ വിരിയുന്നതിനായുള്ള കാത്തിരിപ്പിലാണ് ലോകം.
മറ്റെല്ലാ ലോകകപ്പുകളെക്കാളും സവിശേഷമായ ലോകകപ്പാണ് ഖത്തറില്‍ നടക്കാന്‍ പോകുന്നത്. രണ്ട് യുഗ പുരുഷന്മാർ ഈ ലോകകപ്പോടുകൂടി ബൂട്ട് അഴിക്കുമ്പോൾ ഇരുവരുടേയും അവസാന വമ്പന്‍ പ്രകടനം കാണണമെങ്കില്‍ ഖത്തർ ലോകകപ്പ് നഷ്ടമാക്കരുത്. അതേ പറഞ്ഞു വന്നത് ലയണല്‍ മെസി ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരെക്കുറിച്ചു തന്നെ. ഇതിന് മുമ്പ് നാല് ലോകകപ്പുകളാണ് ഇരുവരും കളിച്ചത്. ഖത്തറിലേത് ഇരുവരുടേയും അവസാന ലോകകപ്പായി മാറുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അതുകൊണ്ട് തന്നെ ആരാധകരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ലോകകപ്പാണ് ഖത്തറിലേത്. 32 ടീമുകളെ ഉള്‍ക്കൊള്ളിച്ച് നടത്തുന്ന അവസാന ഫുട്‌ബോള്‍ ലോകകപ്പാണ് ഖത്തറിലേത്.
അടുത്ത ലോകകപ്പ് മുതല്‍ 48 ടീമുകള്‍ ലോകകപ്പിനുണ്ടാവും. കൂടുതല്‍ ടീമുകള്‍ക്ക് അവസരം നല്‍കുന്നതിനായും ഫുട്‌ബോളിനെ വളര്‍ത്തുന്നതിനായുമാണ് ഫിഫ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന ആദ്യത്തെ ലോകകപ്പെന്ന സവിശേഷതയും ഖത്തര്‍ ലോകകപ്പിനുണ്ട്. ഇതിന് മുമ്പ് ഏഷ്യയില്‍ ഒരു തവണ ലോകകപ്പ് നടന്നിട്ടുണ്ട്. ഫുട്‌ബോള്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ നടക്കുന്ന ആദ്യത്തെ ശൈത്യകാല ലോകകപ്പെന്ന സവിശേഷതയും ഖത്തര്‍ ലോകകപ്പിനുണ്ട്. പൊതുവേ മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലായാണ് ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്നത്. എന്നാല്‍ ഇത്തവണ നവംബര്‍-ഡിസംബര്‍ മാസത്തിലായാണ് ലോകകപ്പ് നടക്കുന്നത്.
ഡിസംബർ 18 ന് ലുസൈൽ സ്റ്റേഡിയത്തിൽ ആ സ്വർണക്കിരീടം മാറോടണക്കുന്ന പോർസംഘം ആരാകും? കാത്തിരിക്കാം…
READMORE : ജോ ബൈഡന്റെ ചെറുമകളുടെ വിവാഹത്തിന് വേദിയായി വൈറ്റ് ഹൗസ്; ചിത്രങ്ങള്‍ കാണാം