യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ചെറുമകളുടെ വിവാഹത്തിന് വേദിയായി വൈറ്റ് ഹൗസ്. ബൈഡന്റെ ചെറുമകള്‍ നവോമിയാണ് വൈറ്റ് ഹൗസില്‍ വച്ച് വിവാഹിതയായത്. 25കാരനായ പീറ്റര്‍ നീല്‍ ആണ് 28കാരിയായ നവോമിയുടെ വരന്‍. ശനിയാഴ്ച നടന്ന വിവാഹ ചടങ്ങുകളിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. രാവിലെ 11 മണിക്ക് നടന്ന ചടങ്ങില്‍ 250ഓളം അതിഥികള്‍ക്കാണ് ക്ഷണമുണ്ടായിരുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ബൈഡന്റെ മകന്‍ ഹണ്ടറിന്റെ മകളാണ് നവോമി ബൈഡന്‍.
നവോമിയുടെ വളര്‍ച്ച കാണുന്നത് ഞങ്ങള്‍ക്ക് വലിയ സന്തോഷമാണ്. താന്‍ ആരാണെന്ന് സ്വയം കണ്ടെത്താനും ജീവിതം രൂപപ്പെടുത്താനും അവള്‍ക്ക് കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ അവള്‍ പീറ്ററിനെ ഭര്‍ത്താവായി തെരഞ്ഞെടുക്കുന്നത് കാണുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. അവനെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിലും അഭിമാനിക്കുന്നു.ആശംസകള്‍….’. ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും പ്രസ്താവനയില്‍ പറഞ്ഞു.
ഇതാദ്യമായല്ല വൈറ്റ് ഹൗസ് ഒരു വിവാഹത്തിന് വേദിയാകുന്നത്. 1971ല്‍ റിച്ചാര്‍ഡ് നിക്സന്റെ മകള്‍ ട്രിസിയയുടെയും 2013ല്‍ ബരാക് ഒബാമയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ പീറ്റ് സൗസയുടെയും വിവാഹം ഉള്‍പ്പെടെ 18 വിവാഹങ്ങള്‍ വൈറ്റ് ഹൗസില്‍ നടന്നിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് ഹിസ്റ്റോറിക്കല്‍ അസോസിയേഷന്‍ പറയുന്നു. 2008ല്‍ ജോര്‍ജ്ജ് ബുഷിന്റെ മകള്‍ ജെന്നയുടെ വിവാഹത്തിന് നാല് തവണ വൈറ്റ് ഹൗസില്‍ വച്ച് സല്‍ക്കാരങ്ങള്‍ നടത്തിയിട്ടുണ്ട്.
1972ല്‍ ബൈഡന്റെ മകള്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. മകളുടെ പേരാണ് ചെറുമകള്‍ക്ക് ബൈഡന്‍ നല്‍കിയത്. ബൈഡന്റെ ജീവിത്തില്‍ നവോമിക്ക് സുപ്രധാന സ്ഥാനമുണ്ടെന്നും 2020ല്‍ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ബൈഡനെ സമ്മര്‍ദത്തിലാക്കിയത് നവോമി ആണെന്നും യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.