latest news National

പ്രധാനമന്ത്രിയുടെ വസതിക്കു മുകളിൽ ഡ്രോൺ; അന്വേഷണം ആരംഭിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്കു സമീപം ഡ്രോൺ സാന്നിധ്യം കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ഡൽ​ഹി പോലീസിന് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. ഡ്രോൺ പോലുള്ളവ പറത്തുന്നതിന് വിലക്കുള്ള മേഖല കൂടിയാണിത്. സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്‌പിജി) ആണ് ഡൽഹി പോലീസിനെ വിവരം അറിയിച്ചത്. ഡൽഹി പോലീസ് ഉടൻ പ്രധാനമന്ത്രി മോദിയുടെ വസതിയിലേക്ക് എത്തിയെങ്കിലും ഡ്രോൺ കണ്ടെത്താനായില്ല.

”പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിലുള്ള നോ ഫ്ളൈ സോണിൽ ഡ്രോൺ പറത്തിയതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നു. പുലർച്ചെ അഞ്ചരയോടെയാണ് എസ്പിജി പൊലീസുമായി ബന്ധപ്പെട്ടത്. അന്വേഷണം പുരോ​ഗമിച്ചു വരികയാണ്”, ഡൽഹി പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം അജ്ഞാത ഡ്രോൺ കണ്ടെത്തിയതായി എൻഡിഡി കൺട്രോൾ റൂമിൽ വിവരം ലഭിച്ചതായി ന്യൂഡൽഹി ഡിസിപിയും സ്ഥിരീകരിച്ചു. ”സമീപ പ്രദേശങ്ങളിൽ വിശദമായ തിരച്ചിൽ നടത്തിയെങ്കിലും അത്തരത്തിലുള്ള ഒരു വസ്തുവും കണ്ടെത്തിയില്ല. എയർ ട്രാഫിക് കൺട്രോൾ റൂമിനെയും (എടിസി) ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഇത്തരത്തിലുള്ള യാതൊന്നും അവർ കണ്ടെത്തിയില്ല”, അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹിയിലെ 7 ലോക് കല്യാൺ മാർഗിലാണ് പ്രധാനമന്ത്രി മോദിയുടെ വസതി. പഞ്ചവടി എന്നാണ് പ്രധാനമന്ത്രിയുടെ വസതിയുടെ ഔദ്യോഗിക പേര്. ഇവിടെ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ആർക്കിടെക്റ്റ് ആയ റോബർട്ട് ടോർ റസലാണ് ഇന്ത്യൻ പ്രധാനമന്ത്രിക്കായി 7 ലോക് കല്യാൺ മാർ​ഗിലെ ഔദ്യോ​ഗിക വസതി രൂപകൽപന ചെയ്തത്. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വിവിധ സർക്കാർ കെട്ടിടങ്ങൾ രൂപകൽപന ചെയ്ത പ്രശസ്ത ബ്രിട്ടീഷ് ആർക്കിടെക്റ്റ് ആയ എഡ്വിൻ ലൂട്ടിയൻസിന്റെ ടീമിലെ അം​ഗം കൂടി ആയിരുന്നു റോബർട്ട് ടോർ റസൽ.

Related posts

കൊല്ലത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Sree

വളർത്തുനായ കുരച്ചതിന് നാലംഗ സംഘം മർദ്ദിച്ച സംഭവം; ചികിത്സയിലായിരുന്ന ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർ മരിച്ചു

Akhil

ഓസ്‌കറിൽ തിളങ്ങി ഓപ്പൺഹൈമർ; മികച്ച നടൻ കിലിയൻ മർഫി, സംവിധായകൻ നോളൻ

Akhil

Leave a Comment