കൊല്ലം : കൊല്ലം ചടയമംഗലത്ത് കെ എസ് ആർ ടി സി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പുനലൂർ സ്വദേശികളായ അഭിജിത്ത്(19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിന് പിന്നിൽ കെഎസ്ആർടിസി ബസ് തട്ടിയാണ് അപകടമുണ്ടായത്. ഇന്നു രാവിലെ 7.30 ന് ചടയമംഗലം നെട്ടേത്തറ എം.സി റോഡിൽവെച്ചാണ് അപകടമുണ്ടായത്.
പുനലൂർ ഐക്കരക്കോണം സ്വദേശിയാണ് അഭിജിത്ത്. ശിഖ കിളിമാനൂരിലെ എൻജിനീയറിങ് കോളേജിലെ രണ്ടാംവർഷ വിദ്യാർഥിനിയാണ്. ചടയമംഗലം ഡിപ്പോയിലെ കെഎസ്ആർടിസി ബസാണ് അപകടം ഉണ്ടാക്കിയത്. ഓവർട്ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ബൈക്കിനെ ബസ് ഇടിച്ചുവീഴ്ത്തിയത്. ഇടിയുടെ അഘാതത്തിൽ രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീണു. പെൺകുട്ടിയുടെ തലയിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി. രണ്ടുപേരും സംഭവം സ്ഥലത്തു വച്ച് തന്നെ മരിച്ചു.
എംസി റോഡിൽ ബസുകളുടെ അമിത വേഗത സംബന്ധിച്ച പരാതികൾ നേരത്തേയും ഉയർന്നിട്ടുണ്ട്. കൊട്ടാരക്കര മുതൽ വെഞ്ഞാറമുട് വരെയുള്ള എംസി റോഡിൻ്റെ ഭാഗത്ത് ബസുകൾക്ക് അമിത വേഗതയാണെന്ന ആരോപണങ്ങൾ നേരത്തെ ഉയർന്നിട്ടുണ്ട്. ഇരുചക്രവാഹന യാത്രക്കാരാണ് പൊതുവേ കെഎസ്ആർടിസി ബസുകൾക്ക് ഇരയായി മാറിക്കൊണ്ടിരിക്കുന്നത്.
READ MORE: https://www.e24newskerala.com/