52ന്റെ പിറന്നാള്‍ നിറവിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍, നിശിത വിമര്‍ശനത്തിനൊടുവില്‍ നടന്നെത്തി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ച രാഹുല്‍.. വെറുപ്പിന്റെയല്ല, സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് തന്റേതെന്ന് പറയാതെ പറഞ്ഞ നേതാവ്.
പാര്‍ട്ടിക്കാവശ്യമുളളപ്പോള്‍ രാഹുല്‍ വിദേശത്തേയ്ക്ക് പറക്കുമെന്ന് എതിരാളികള്‍ മാത്രമല്ല, കോണ്‍ഗ്രസുകാരും പറയാറുണ്ട്. അതും, ഒരു രാഹുല്‍ സ്‌റ്റൈലാണ്. നോട്ടു നിരോധന കാലത്ത് സാധാരണ പൗരനെ പോലെ പണമെടുക്കാന്‍ ബാങ്കില്‍ പോയി ക്യൂ നിന്നു. നോട്ടു നിരോധനത്തിന്റെ പിന്നില്‍ എന്താണെന്ന് രാജ്യത്തോട് വിളിച്ചു പറയുകയും ചെയ്തു. ഇന്ത്യയില്‍ മാത്രമല്ല വിദേശ സര്‍വ്വകലാശാലകളിലും ചുറുചുറുക്കോടെ പ്രസംഗിക്കുന്ന രാഹുല്‍ ഗാന്ധിയെ പലകുറി കണ്ടിട്ടുണ്ട്. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. മകനെ പോലെ, സഹോദരനെ പോലെ ഒക്കെയാണ് ആള്‍ക്കൂട്ടങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ സാമീപ്യം. ഭാഷ പോലും അറിയില്ലെങ്കിലും രാഹുലിനെ ചേര്‍ത്തുപിടിക്കുന്ന എത്രയോ ആളുകളെ തെരഞ്ഞെടുപ്പ് കാലത്ത് വയനാട്ടില്‍ കണ്ടു. കുഞ്ഞുങ്ങളെ കൈവീശി കാണിച്ചും,വയോധികര്‍ക്ക് കൈകൊടുത്തും രാഹുല്‍ നിറഞ്ഞുനില്‍ക്കുന്നതും കണ്ടു.