കേരളത്തെ നടുക്കിക്കൊണ്ടാണ് തിരുവല്ലയിൽ നരബലി നടന്നുവെന്ന വാർത്ത ഇന്ന് രാവിലെ പുറത്ത് വന്നത്. ഉത്തരേന്ത്യയിലും മറ്റും നരബലിയെന്ന വാർത്ത മുൻപും നമ്മൾ കേട്ടിട്ടുണ്ടെങ്കിൽ കേരളത്തിൽ ഇത്തരമൊരു സംഭവം നടന്നുവെന്ന യാഥാർത്ഥ്യം മലയാളികൾക്ക് ഉൾക്കൊള്ളാൻ പ്രയാസമാണ്. ഐശ്വര്യവും സമ്പത്തും ലഭ്യമാകാനുള്ള സർവൈശ്വര്യ പൂജയ്ക്ക് വേണ്ടിയായിരുന്നു മൂന്ന് സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് പ്രതികൾ നൽകിയ മൊഴി. കൊച്ചി കടവന്ത്രയിൽ ലോട്ടറി വിൽപ്പനക്കാരിയായ പത്മയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. പത്മയുടെ തിരോധാനമാണ് നരബലിയെ കുറിച്ചുള്ള വെളിപ്പെടുത്തലിലേക്ക് വഴി തെളിച്ചത്.
ലോട്ടറി വിൽപ്പനക്കാരിയുടെ തിരോധാനം…അന്വേഷണം ചുരുളഴിച്ചത് കേരളത്തെ നടുക്കിയ വാർത്തയിൽ
കുറച്ച് നാൾ മുൻപ് കടവന്ത്രയിൽ നിന്ന് ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ കാണാതായിരുന്നു. കഴിഞ്ഞ മാസം 26-ാം തിയതിയാണ് പത്മയെ കാണാതാകുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്. പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയിൽ എത്തിച്ചത്. പിന്നീടാണ് സമാന രീതിയിൽ കാലടിയിൽ നിന്ന് മറ്റൊരു യുവതിയേയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത്. ജൂൺ മാസമാണ് കാലടി സ്വദേശിനിയായ റോസ്ലിയെ കാണാതാകുന്നത്.
നരബലി എന്തിന് ?
സർവൈശ്വര്യ പൂജയുടെ ഭാഗമായിട്ടായിരുന്നു നരബലി. തലശേരിയിലെ ദമ്പതികൾക്ക് വേണ്ടിയാണ് നരബലി നടന്നത്. പെരുമ്പാവൂരിലെ ദിവ്യനെ എല്ലാ രീതിയിലും തൃപ്തിപ്പെടുത്തിയാൽ വലിയ സാമ്പത്തിക നേട്ടവും ഐശ്വര്യവും ലഭിക്കുമെന്ന് പറഞ്ഞ് പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് ഷിഹാബ് തിരുവല്ല സ്വദേശികളായ ദമ്പതികളെ വിശ്വാസത്തിലെടുക്കുകയായിരുന്നു. തുടർന്ന് കൊച്ചിയിൽ നിന്ന് രണ്ട് യുവതികളെ തിരുവല്ലയിലേക്ക് തട്ടിക്കൊണ്ടുപോയി ബലി കൊടുക്കുകയായിരുന്നു.
ഒരു സ്ത്രീയെന്ന വ്യാജേന വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സോഷ്യൽ മീഡിയയിലൂടെയാണ് നരബലിക്കിരയായ സ്ത്രീകളെ പരിചയപ്പെട്ടത്. പിന്നീട് ഏജന്റെന്ന നിലയിൽ തന്നെ സ്ത്രീകളെ സമീപിക്കുകയായിരുന്നു. പിന്നീട് ഇവരെ തട്ടിക്കൊണ്ടുപോയി തിരുവല്ലയിൽ വച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒരു സ്ത്രീയെ കഴുത്തറുത്ത് വെട്ടി കഷ്ണങ്ങളാക്കിയാണ് കുഴിച്ചിട്ടത്. മറ്റൊരു സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി വെട്ടി കഷ്ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. ഇവരുടെ മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് നിലവിൽ പൊലീസ്.
READMORE : ചികിത്സ പൂർത്തിയാക്കിയിട്ടും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ പണമില്ലാതെ 19 കാരൻ