നരബലിക്കായി യുവതികളെ തട്ടിക്കൊണ്ട് പോയത് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ്. പ്രതികൾ ഇത് സംബന്ധിച്ച് മൊഴി നൽകിയതായി കൊച്ചി പൊലീസ് പറഞ്ഞു. പൊന്നുരുന്നി സ്വദേശിയായ മുഹമ്മദ് ഷമീറാണ് ഇത്തരത്തിൽ യുവതികളെ കബളിപ്പിച്ച് പത്തനംതിട്ടയിൽ എത്തിച്ചത്.
ഷമീറാണ് ഭഗവൽ സിംഗിനടുത്തേക്ക് സ്ത്രീകളെ എത്തിക്കുന്നത്. ഭഗവൽ സിംഗിനും കുടുംബത്തിനും ഐശ്വരം ലഭിക്കാൻ നരബലി നടത്താനാണ് സ്ത്രീകളെ എത്തിച്ചത്. സ്ത്രീകളെ വിവസ്ത്രയാക്കിയായിരുന്നു പൂജകൾ. ശേഷം അത്യന്തം പൈശാചികമായാണ് സ്ത്രീകളെ കൊല ചെയ്തത്. അവയവങ്ങളെല്ലാം മുറിച്ചെടുത്ത് ഭഗവന്ത് സിംഗിന്റെ ഭാര്യയെകൊണ്ടാണ് കൊല ചെയ്യിച്ചത്. പിന്നീട് സ്ത്രീകളുടെ മൃതദേഹങ്ങൾ വെട്ടി നുറുക്കി കുഴിച്ചിടുകയായിരുന്നു.
ഇന്ന് രാവിലെയാണ് തിരുവല്ലയിൽ നരബലി നടന്നുവെന്ന വാർത്ത പുറത്ത് വന്നത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകാനുള്ള സർവൈശ്വര്യ പൂജയ്ക്ക് വേണ്ടിയായിരുന്നു രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് പ്രതികൾ നൽകിയ മൊഴി. കൊച്ചി കടവന്ത്രയിൽ ലോട്ടറി വിൽപ്പനക്കാരിയായ പത്മയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. പത്മയുടെ തിരോധാനമാണ് നരബലിയെ കുറിച്ചുള്ള വെളിപ്പെടുത്തലിലേക്ക് വഴി തെളിച്ചത്. കുറച്ച് നാൾ മുൻപ് കടവന്ത്രയിൽ നിന്ന് ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ കാണാതായിരുന്നു. കഴിഞ്ഞ മാസം 26-ാം തിയതിയാണ് പത്മയെ കാണാതാകുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്. പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയിൽ എത്തിച്ചത്. പിന്നീടാണ് സമാന രീതിയിൽ കാലടിയിൽ നിന്ന് തൃശൂർ സ്വദേശിനിയായ മറ്റൊരു യുവതിയായ റോസ്ലിനെയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത്. ജൂൺ മാസമാണ് തൃശൂർ സ്വദേശിനിയായ റോസ്ലിയെ കാലടിയിൽ നിന്ന് കാണാതാകുന്നത്.