അപമര്യാദയായി പെരുമാറിയ കേസിൽ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിച്ച് ഓൺലൈൻ അവതാരക. പരാതി പിൻവലിക്കാനുള്ള ഹർജി ഇവർ ഹൈക്കോടതിയിൽ ഒപ്പിട്ടുനൽകി. താരം പലതവണ മാപ്പ് പറഞ്ഞതിനെ തുടർന്നാണ് പരാതി പിൻവലിക്കുന്നതെന്ന് അവതാരക പറഞ്ഞു. ശ്രീനാഥ് ഭാസിയുടെ അഭിനയജീവിതത്തെ തകർക്കണമെന്നില്ല. പരാതി പിൻവലിക്കാൻ സമ്മർദമുണ്ടായിട്ടില്ലെന്നും അവർ പ്രതികരിച്ചു.
കേസിൽ അറസ്റ്റിലായ ശ്രീനാഥ് ഭാസിക്ക് അനിശ്ചിത കാലത്തേക്ക് സിനിമയിൽ നിന്ന് വിലക്കെർപ്പെടുത്തിയിരിക്കുകയാണ് നിർമാതാക്കളുടെ സംഘടന. സിനിമ മേഖലയിലെ മറ്റ് സംഘടനകളും വിലക്കിന് പിന്തുണ നൽകിയിട്ടുണ്ടെന്നാണ് വിവരം. സിനിമ സെറ്റിലെ ലഹരി ഉപയോഗം തടയുന്നതിന് പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടിരുന്നു.
ചട്ടമ്പി എന്ന തൻറെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി.
സംഭവത്തിൽ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കൽ), ഐപിസി 354 (ലൈംഗിക ചുവയോടെ സംസാരിക്കൽ), 294 ബി എന്നീ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിൻറെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
നടൻ്റെ വിലക്ക് എത്ര നാൾ എന്നത് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിക്കും. 4 സിനിമകളുടെ ഡബ്ബിങ് ജോലികളും ഒരു സിനിമാ ഷൂട്ടിംഗും പൂർത്തിയാക്കാൻ അനുവദിക്കും. നടീനടന്മാരുടെ നിസ്സഹകരണം ഒരുപാട് നാളായി സിനിമ മേഖല നേരിടുന്ന പ്രശ്നമാണ്.
READMORE : എലിസബത്ത് രാജ്ഞി ഉപയോഗിച്ച ടീ ബാഗ് ലേലത്തിന്; വില ഒൻപതര ലക്ഷം രൂപ