തിരുവനന്തപുരം: തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്കില്‍ സംസ്ഥാനത്തെ പൊതുഗതാഗതം നിലച്ചു. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ അടക്കം നിലക്കുന്നതോടെ പണിമുടക്ക് ഹര്‍ത്താലിന് സമാനമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. പോലീസ് സംരക്ഷണത്തില്‍ ചിലയിടങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ശക്തമായ പ്രതിഷേധം കാരണം ഇവ നിര്‍ത്തിവെക്കേണ്ടി വരുമെന്നാണ് സൂചന. ചില സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിക്കുന്നവരെ സമരക്കാര്‍ തടയുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ മിക്കതും പ്രവര്‍ത്തിക്കുന്നില്ല.തൊഴിലാളികളേയും കര്‍ഷകരേയും സാധാരണക്കാരേയും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് രണ്ടു ദിവസത്തെ പണിമുടക്ക്.
48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആരംഭിച്ചത്. സ്വകാര്യ വാഹനങ്ങളെ തടയില്ല എന്ന് നേരത്തെ തന്നെ സംഘടനകള്‍ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ വാഹനങ്ങള്‍ രാവിലെ ചിലയിടങ്ങളില്‍ ഓടുന്നുണ്ട്. ദൂര യാത്രക്കാരേയും ബാങ്ക് പ്രവര്‍ത്തനങ്ങളേയും പണിമുടക്ക് സാരമായിത്തന്നെബാധിച്ചേക്കും. ബി.എം.എസ് ഒഴികെയുള്ള ഇരുപത് തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അവശ്യ സേവനങ്ങള്‍ മുടങ്ങാതിരിക്കാനുള്ള സംവിധാനങ്ങളും ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.