ഒടുവിൽ നഞ്ചിയമ്മയുടെ സ്വപ്നം പൂവണിയുന്നു. ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയ്ക്ക് സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്. അട്ടപ്പാടിയിൽ നിന്നും സിനിമയിലേക്കു എത്തിയ നഞ്ചിയമ്മ ഇക്കാലയളവിൽ ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കി. എന്നാൽ ഈ പുരസ്കാരങ്ങൾ ഒന്നും സൂക്ഷിക്കാനും അലങ്കരിച്ച് വെക്കാനുമായി ഒരു വീടില്ലാത്ത അവസ്ഥയിലായിരുന്നു നഞ്ചിയമ്മ. ഇപ്പോഴിതാ, നഞ്ചിയമ്മയ്ക്കായി ഒരു സുന്ദര ഭവനം ഒരുങ്ങിയിരിക്കുകയാണ്. ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ് നഞ്ചിയമ്മയ്ക്ക് സ്വപ്ന ഭവനം പണിത് നൽകിയിരിക്കുന്നത്.
അട്ടപ്പാടിയിലെ നക്കുപതി ഊരിലാണ് ഏറെക്കാലമായി നഞ്ചിയമ്മ താമസിച്ചിരുന്നത്. തനിക്ക് ലഭിച്ച അവാർഡുകൾ സൂക്ഷിക്കാൻ പോലും വീട്ടിൽ ഇടമില്ലെന്ന സങ്കടം നഞ്ചിയമ്മയെ ഏറെ അലട്ടിയിരുന്നു. നഞ്ചിയമ്മയുടെ ദയനീയ അവസ്ഥ കണ്ട് ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ് വീട് പണിത് നൽകാൻ തയ്യാറായിക്കുന്നത്. മൂന്ന് മാസം മുമ്പാണ് വീടിന് തറക്കല്ലിട്ടത്. കഴിഞ്ഞ ദിവസം നഞ്ചിയമ്മ പുതിയ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. പഴയ വീടിന്‍റെ തൊട്ടടുത്ത് തന്നെയാണ് വീട് പണിതിരിക്കുന്നത്. ഇനി ദേശീയ അവാർഡ് ഉൾപ്പെടെ വിലപ്പിടിപ്പുള്ളതൊക്കെ ഇവിടെ സുരക്ഷിതമായി സൂക്ഷിക്കാം.
ഭാഷയും ദേശവും എല്ലാം മറികടന്ന് പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഗാനങ്ങളാണ് അയ്യപ്പനും കോശിയും സിനിമയിലെ നഞ്ചിയമ്മയുടെത്. ഈ ലോകത്തോട് വിടപറയുന്നതിന് മുന്‍പ് സംവിധായകന്‍ സച്ചി മലയാളികള്‍ക്ക് നല്‍കിയ അതിശ്രേഷ്ഠമായ ഒന്നാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രം. ബിജു മേനോനും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിലെ ഓരോ രംഗങ്ങളും കാഴ്ചക്കാരുടെ ഹൃദയത്തിന്റെ അകത്തളങ്ങളില്‍ ഇടം നേടി. അങ്ങനെയാണ് ഗാനങ്ങളും ശ്രദ്ധനേടിയത്.
നാടന്‍പാട്ടിന്റെ ശൈലിയിലുള്ള ഒരു ഗാനം ശ്രദ്ധ നേടിയപ്പോഴാണ് നഞ്ചിയമ്മയും കയ്യടി നേടിയത്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ടൈറ്റില്‍ ഗാനത്തിന്റെ വരികള്‍ നഞ്ചിയമ്മയുടേതാണ്. മാത്രമല്ല ഈ വരികള്‍ മനോഹരമായി ആലപിച്ചിരിക്കുന്നതും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നതും നഞ്ചിയമ്മതന്നെ.
സിനിമ നടനായ ആദിവാസി കലാകാരന്‍ പഴനി സ്വാമി നേതൃത്വം നല്‍കുന്ന ആസാദ് കലാസംഘത്തില്‍ നഞ്ചിയമ്മ അംഗമാണ്. കൃഷിപ്പണിയെടുത്തും ആടുകളെയും പശുക്കളെയുമൊക്കെ മേച്ചും ഉപജീവനമാര്‍ഗം കണ്ടെത്തുന്ന നഞ്ചിയമ്മയ്ക്ക് പാട്ട് ഏറെ ഇഷ്ടമാണ്. തലമുറകള്‍ ഏറ്റുപാടി മനസ്സില്‍ സൂക്ഷിച്ച പാട്ടുകളാണ് നഞ്ചിയമ്മ പാടുന്നത്. വാമൊഴിയായി കിട്ടിയതാണ് ഈ പാട്ടുകള്‍.
READMORE : ‘ഇന്ത്യയുടെ ചരിത്രം കൃത്യമല്ല, മാറ്റിയെഴുതണം’; അമിത് ഷാ