വടക്കഞ്ചേരി അപകടം നടക്കുന്നതിനു തൊട്ടുമുൻപും ആർടിഒ ഓഫീസിൽ അലേർട്ട് എത്തി. അപകടം നടക്കുന്നതിന് നാല് സെക്കൻഡ് മുൻപാണ് മുന്നറിയിപ്പ് ആർടിഒ ഓഫീസിലേക്ക് എത്തിയത്. 11.30.35ന് ജിപിഎസ് അലർട്ട് ആർടിഒ ഓഫീസിൽ എത്തി എന്ന് ഡിവൈഎസ്പി പറഞ്ഞു. അപകടമുണ്ടായത് 11.30.39നായിരുന്നു. കെഎസ്ആർടിസിയിൽ ഇടിക്കുമ്പോൾ ടൂറിസ്റ്റ് ബസ്സിന്റെ വേഗത 97.72 കിലോമീറ്റർ ആയിരുന്നു എന്നും പൊലീസ് പറയുന്നു. ആർടിഒ ക്യാമറയിൽ പതിഞ്ഞ ദ്യശ്യങ്ങൾ പോലീസ് പുറത്ത് വിട്ടു
വടക്കഞ്ചേരി അപകടത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഗതാഗത കമ്മീഷണർ, റോഡ് സുരക്ഷാ കമ്മീഷണർ എന്നിവരോട് ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് 1.45 നാണ് കേസ് പരിഗണിക്കുക. നേരിട്ട് വരാൻ കഴിഞ്ഞില്ലെങ്കിൽ ഓൺലൈൻ ആയി ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ട്രാൻസ്‌പോർട്ട് കമ്മീഷണർ വിശദീകരിക്കും. വടക്കഞ്ചേരി അപകടം സംബന്ധിച്ച് പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും കോടതി റിപ്പോർട്ട് തേടിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ നിരോധിക്കണമെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ല. അങ്ങനെയുള്ള വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വിനോദ യാത്രയ്ക്ക് പോയ മറ്റൊരു ടൂറിസ്റ്റ് ബസ് മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. സ്പീഡോ മീറ്റർ ഇല്ലാത്ത ബസാണ് വിനോദയാത്രയ്ക്ക് എത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
READMORE : നൃത്തം ചെയ്തുകൊണ്ട് വണ്ടിയോടിച്ച് ജോമോന്റെ അഭ്യാസം