ലോട്ടറി അടിക്കുക എന്നത് മിക്കവരുടെയും ആഗ്രഹമാണ്. ഒരുപാട് പ്രശ്നങ്ങൾക്കുള്ള പരിഹാരമായാണ് പലരും ഇതിനെ നോക്കികാണുന്നത്. സ്വപ്‌നം കാണാൻ പോലും കഴിയാത്ത ഒരു തുക ലോട്ടറിയടിച്ചാൽ എന്ത് ചെയ്യും. എന്ത് ചെയ്യാതിരിക്കും എന്നാവും മിക്കവരുടെയും മറുചോദ്യം. ലോട്ടറി അടിച്ചയാൾ ഒരു പക്ഷെ ഈ വിവരം ആദ്യം പുറത്തു പറയുക തന്റെ ജീവിത പങ്കാളിയോടും മക്കളോടും സുഹൃത്തുക്കളോടുമൊക്കെ ആയിരിക്കും.
എന്നാൽ 247 കോടി രൂപയുടെ വമ്പൻ തുക സമ്മാനമായി ലഭിച്ചിട്ടും സ്വന്തം ഭാര്യയോടും മക്കളോടും പോലും ഇതിനെ പറ്റി പറയാതിരുന്ന ഒരാളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ലീ എന്ന് മാത്രം സ്വയം പരിചയപ്പെടുത്തുന്ന ഇദ്ദേഹം ലോട്ടറി അടിച്ചതിനെ പറ്റി അറിഞ്ഞാൽ വീട്ടുകാർ അലസരായി പോവും എന്ന ഭയത്താലാണ് ഇതിനെ പറ്റി അവരോട് പറയാതിരുന്നത്. ഒക്ടോബര്‍ 24-നാണ് അദ്ദേഹം എടുത്ത ലോട്ടറിക്ക് 219 മില്യണ്‍ യുവാന്‍ അടിക്കുന്നത്. അതായത് ഏകദേശം 247 കോടി ഇന്ത്യൻ രൂപ.
ഒരു കാർട്ടൂൺ വേഷം ധരിച്ചു കൊണ്ടാണ് അദ്ദേഹം സമ്മാനത്തുക വാങ്ങാനെത്തിയത്. ആളാരാണെന്ന് പുറത്തറിയാതിരിക്കാൻ ലോട്ടറി വിജയികളാവുന്നവരൊക്കെ ഇത്തരത്തില്‍ വേഷങ്ങൾ ധരിച്ചെത്തുന്നത് ചൈനയിൽ സ്ഥിരം കാഴ്ച്ചയാണ്.
അതേ സമയം ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി എത്തിയ ഇത്തവണത്തെ ഓണം ബമ്പർ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപാണ് നേടിയത്. TJ 750605 എന്ന നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ലോട്ടറി ഫലം പ്രഖ്യാപിച്ച് അന്ന് വൈകുന്നേരം തന്നെ അനൂപ് ടിക്കറ്റുമായി ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ എത്തിയിരുന്നു. വലിയ മാധ്യമ ശ്രദ്ധയാണ് അനൂപിന് ലഭിച്ചത്. അനൂപ് ടിക്കറ്റുമായി ഏജൻസിയിലേക്കെത്തുന്നതും മറ്റും വലിയ രീതിയിൽ മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു.