ഓരോ രാജ്യങ്ങളും വ്യത്യസ്തമാണ്. അവ നമുക്ക് പകരുന്ന സംസ്ക്കാരവും പൈതൃകവുമെല്ലാം അവിടുത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രവുമായി ബന്ധപെട്ടു കിടക്കുന്നു. തിങ്ങി പാർത്തു കിടക്കുന്ന നഗരങ്ങളെ കുറിച്ച് നമുക്ക് അറിയാം… പച്ചപ്പും മലകളും കൊണ്ട് നിറഞ്ഞ ഗ്രാമപ്രദേശങ്ങളെ കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇനി പറയാൻ പോകുന്നത് വ്യത്യസ്തമായ ഒരു പ്രദേശത്തെ കുറിച്ചാണ്. സംസ്കാരം കൊണ്ടും കടൽത്തീരങ്ങൾ കൊണ്ടും ആകർഷകമായ ലാൻഡ്‌മാർക്കുകൾ കൊണ്ടും പ്രശസ്തമായ മാലിദ്വീപിനെ കുറിച്ചാണ്. ( Building a floating city in Maldives )
എല്ലാ യാത്ര പ്രേമികളുടെയും പ്രിയപ്പെട്ട ഇടമാണ് മാലിദ്വീപ്. ഒരിക്കലെങ്കിലും അവിടെ പോകണമെന്ന് ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. ആ സ്വപ്ന ഭൂമിയിൽ പണിതുയരുന്ന സ്വപ്ന നഗരത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കേരളത്തിൽ നിന്നും 900 km അകലെയുള്ള മാലിദ്വീപ് തലസ്ഥാനമായ മാലെയ്‌ക്ക് സമീപം ഒരു ഫ്ലോട്ടിംഗ് സിറ്റി ഉയരുകയാണ്. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ, വെള്ളത്തിന് മുകളില്‍ നിര്‍മിക്കുന്ന ഒരു നഗരമാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്.
വീടുകളും ഭക്ഷണശാലകളും കടകളും സ്‌കൂളുകളും ഹോട്ടലുകളും ഉൾപ്പെടെ ആയിരക്കണക്കിന് കെട്ടിടങ്ങൾ ഉൾപ്പെടുത്തിയാണ് ഫ്ലോട്ടിങ് സിറ്റി ഉയരുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് 20,000 പേർക്ക് ഇവിടെ താമസിക്കാൻ കഴിയും. അതിൽ തന്നെ ആദ്യ യൂണിറ്റുകൾ ഈ മാസം പണിതുടങ്ങും. 2024-ന്റെ തുടക്കത്തോടെ ആളുകൾ ഇങ്ങോട്ടേക്ക് താമസവും മാറും. 2027-ഓടെ ഫ്ലോട്ടിംങ് സിറ്റിയുടെ പണി പൂർണമായും പൂർത്തിയാക്കുമെന്നാണ് കരുതുന്നത്.
മാലിദ്വീപ് ഗവൺമെന്റിന്റെ സഹകരണത്തോടെ ഡച്ച് ഡോക്ക്‌ലാൻഡ്‌സാണ് പദ്ധതി ആരംഭിക്കുന്നത്. ഈ കെട്ടിടങ്ങളിലേക്ക് ആവശ്യമായ വൈദ്യുതി ഫോട്ടോവോൾട്ടേയിക് സംവിധാനം ഉപയോഗിച്ച് സജ്ജീകരിക്കും. മാലദ്വീപിലെ അര ദശലക്ഷത്തിലധികം ആളുകൾക്ക് ഈ പദ്ധതി സമ്മാനിക്കുന്നത് പുതിയ പ്രതീക്ഷകളാണ്. വാട്ടർസ്റ്റുഡിയോയുടെ സ്ഥാപകൻ കോയിൻ ഓൾത്തൂയിസ് ആണ് നഗരം രൂപകല്പന ചെയ്തിരിക്കുന്നത്.
കാലാവസ്ഥ വ്യതിയാന പ്രശ്നങ്ങൾ ഗുരുതരമായി ബാധിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് മാലിദ്വീപ്. അതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഫ്ലോട്ടിങ് സിറ്റി ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ, നെതർലൻഡ്‌സിൽ, കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സമാനമായ ഫ്ലോട്ടിംഗ് സിറ്റി നിർമ്മിച്ചിരുന്നു. 1,190 ദ്വീപ് സമൂഹങ്ങൾ ചേർന്ന മാൽദീപിന്റെ ഭൂവിസ്തൃതിയുടെ എൺപത് ശതമാനവും സമുദ്രനിരപ്പിൽ നിന്ന് ഒരു മീറ്ററിൽ താഴെയാണ്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ജലനിരപ്പ് ഒരു മീറ്ററോളം ഉയരുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. അങ്ങനെ സംഭവിച്ചാൽ ഏതാണ്ട് മുഴുവൻ രാജ്യവും വെള്ളത്തിനടിയിലാകും. അങ്ങനെയൊരു ദീപിൽ ഫ്ലോട്ടിങ് സിറ്റി ഉയർത്തുന്ന പ്രതീക്ഷകൾ ചെറുതല്ലാത്തതാണ്.
Read also:- കുറഞ്ഞ ചെലവിൽ മൂന്നാറിലേക്കും പൊന്മുടിയിലേക്കും ; കെ.എസ്.ആർ.ടി.സി ബസുകൾ റെഡിയാണ്
ഫ്ലോട്ടിങ് സിറ്റിയെ കുറിച്ച് കേൾക്കുമ്പോൾ ഒരു സയൻസ് ഫിക്ഷൻ ഫാന്റസി പോലെ തോന്നാമെങ്കിലും ഇന്ന് ഈ നൂതന പദ്ധതി ലോകത്തിന്റെ പല ഭാഗങ്ങളിലും ശ്രദ്ധപിടിച്ചുകഴിഞ്ഞു. പക്ഷെ ഈ ആശയം ഒരിക്കലും പുതിയതല്ല, മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് ഈ ആശയത്തിന്. എന്നാൽ സമീപകാലത്ത് വർധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണിയും പാരിസ്ഥിക പ്രശ്നങ്ങളും ഈ ആശയത്തിന് ആഗോളശ്രദ്ധ നൽകി.