ഖത്തർ ലോകകപ്പിലെ രണ്ടാം റൗണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് ഗ്രൂപ്പ് ബിയിൽ വെയിൽസ് ഇറാനെ നേരിടുമ്പോൾ ഗ്രൂപ്പ് എയിൽ രണ്ട് മത്സരങ്ങളുണ്ട്. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് ആതിഥേയരായ ഖത്തർ സെനഗലിനെതിരെയും രാത്രി 9.30ന് നെതർലൻഡ്സ് ഇക്വഡോറിനെതിരെയും കളത്തിലിറങ്ങും. ഗ്രൂപ്പ് ബിയിൽ പുലർച്ചെ 12.30ന് ഇംഗ്ലണ്ട് – യുഎസ്എ മത്സരവും ഇന്ന് നടക്കും.
യുഎസ്എയ്ക്കെതിരെ സമനില വഴങ്ങിയാണ് വെയിൽസ് രണ്ടാം മത്സരത്തിനിറങ്ങുക. അതുകൊണ്ട് തന്നെ ഇറാനെതിരെ ജയം തന്നെയാവും വെയിൽസിൻ്റെ ലക്ഷ്യം. സൂപ്പർ താരം ഗാരത് ബെയിലിൽ തന്നെയാണ് വെയിൽസിൻ്റെ പ്രതീക്ഷകൾ. ആരോൺ റാംസിയും വെയിൽസിൻ്റെ പ്രകടനത്തിൽ നിർണായക സ്വാധീനം ചെലുത്തും. ഏതൻ അമ്പഡുവിന് പരുക്ക് ഭീഷണിയാണ്. ഡാനിയൽ ജെയിംസ് പുറത്തിരുന്നേക്കും.
ഇംഗ്ലണ്ടിനെതിരെ നാണംകെട്ട പരാജയം വഴങ്ങിയെത്തുന്ന ഇറാൻ ഇന്ന് സമനിലയെങ്കിലും പിടിക്കാനുള്ള ശ്രമത്തിലാവും. ഇംഗ്ലണ്ടിനെതിരെ ഷേപ്പ് നഷ്ടപ്പെട്ട പ്രതിരോധമാണ് ഏറെ പഴികേട്ടത്. 2-6 എന്ന സ്കോർ തന്നെ പ്രതിരോധപ്പിഴവുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ കളിയിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. മെഹ്ദി തരേമിയുടെ ബൂട്ടുകളിൽ തന്നെയാവും ഇറാൻ്റെ പ്രതീക്ഷകൾ.