കിളികൊല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ സൈനികനും സഹോദരനും ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ വീണ്ടും ന്യായീകരിക്കാനുള്ള ശ്രമവുമായി പൊലീസ്. സൈനികനും സഹോദരനും സ്റ്റേഷന് അകത്തു കയറി സ്റ്റേഷന്‍ റൈറ്ററുടെ തലയടിച്ചു പൊട്ടിക്കുകയും മൂക്കിന്റെ പാലം തകര്‍ക്കുകയും ചെയ്തു എന്നാണ് പ്രചാരണം. പ്രതികളെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. എസ് ഐ അനീഷ് ആണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വോയിസ് സന്ദേശം അയച്ചത്.
സൈനികനും സഹോദരനും സ്‌റ്റേഷനില്‍ എത്തുന്ന സമയത്ത് താനും സിഐയും സ്ഥലത്തുണ്ടായിരുന്നില്ലെന്നും അനീഷ് പറയുന്നു. തങ്ങള്‍ എത്തിയപ്പോള്‍ കണ്ടത് പോലീസ് ഉദ്യോഗസ്ഥന്‍ ചോര ഒലിപ്പിച്ചു നില്‍ക്കുന്നതാണെന്നും ഈ ഉദ്യോഗസ്ഥന്റെ സന്ദേശത്തിലുണ്ട്. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്ന ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ന്യായീകരണം.
പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള മുഴുവന്‍ ദൃശ്യങ്ങളും ലഭിക്കണമെന്ന് പരാതിക്കാരന്‍ വിഘ്‌നേഷ് ഇന്ന് ആവശ്യപ്പെടാനിരിക്കുകയാണ്. സൈനികന്‍ വിഷ്ണുവിനെ പൊലീസ് കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് അമ്മ സലീല പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് പരാതി നല്‍കും. സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആര്‍മി ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും അറസ്റ്റ് ചെയ്ത ഉടനെ സമീപ റെജിമെന്റില്‍ അറിയിക്കണമെന്ന നിയമം പാലിച്ചില്ല എന്ന പരാതിയും ഉയരുന്നുണ്ട്.
READMORE : 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ദുരന്തം; അതേ വാര്‍ഷിക ദിനത്തില്‍ മണിച്ചന് മോചനം