narakasura vadam
Special

ദീപപ്പൊലിമയിൽ ദീപാവലി; ആഘോഷത്തിൻ്റെ ഐതിഹ്യങ്ങളറിയാം!

ദീപങ്ങളുടെ ആഘോഷമായ ദീപാവലിയെ വ്യത്യസ്തമാക്കുന്നത് അതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളാണ്. നരകാസുര വധം മുതല്‍ വര്‍ധമാന മഹാവീര നിര്‍വാണം വരെ അവ നീണ്ടു കിടക്കുന്നു. എങ്കിലും മഹാവിഷ്ണു നരകാസുരനെ വധിച്ച കഥയ്ക്കാണ് കൂടുതല്‍ പ്രചാരം.

ദീപക്കാഴ്ചയുടെ വര്‍ണ്ണപ്പൊലിമയാണ് ദീപാവലി. സൂര്യന്‍ തുലാരാശിയില്‍ കടക്കുന്ന കൃഷ്ണപക്ഷത്തിലെ പ്രദോഷത്തില്‍ ദീപാവലി ആഘോഷിക്കുന്നു. എന്നാല്‍ കാശി പഞ്ചാംഗ പ്രകാരം കൃഷ്ണപക്ഷത്തിലെ അമാവാസി നാളിലാണ് ദീപാവലി. ലക്ഷ്മീ പൂജയും ഇതേ ദിവസമാണ്. അമാവാസി രണ്ട് ദിവസമുണ്ടെങ്കില്‍ ദീപാവലി രണ്ടാമത്തെ ദിവസമായിരിക്കും ആഘോഷിക്കുക. ചില പഞ്ചാംഗങ്ങളനുസരിച്ച് കൃഷ്ണപക്ഷ അമാവാസി ദിവസമാണ് ദീപാവലി കൊണ്ടാടുന്നത്. സൂര്യന്‍ തുലാരാശിയിലെത്തുമ്പോള്‍ വിളക്ക് തെളിയിക്കുന്നത് ശ്രേഷ്ഠമാണെന്ന് പുരാണങ്ങളില്‍ പറയുന്നു

ദീപാവലി ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രാദേശിക ഭേദമുണ്ട്. എങ്കിലും പുതുവസ്ത്രങ്ങള്‍ ധരിച്ച് ദീപം തെളിയിക്കുന്നതും സമ്മാനങ്ങള്‍ കൈമാറുന്നതുമെല്ലാം എല്ലായിടത്തും പതിവാണ്. ഉത്തരേന്ത്യയില്‍ അഞ്ച് നാള്‍ നീണ്ടു നില്‍ക്കുന്ന വലിയ ആഘോഷമാണ് ദീപാവലി . എന്നാല്‍ ദക്ഷിണേന്ത്യയില്‍ പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളു.

ഭൂമീദേവിയുടെ പുത്രനാണ് നരകാസുരന്‍. അതുകൊണ്ട് തന്നെ ഭൂമീ ദേവിയുടെ അഭ്യര്‍ത്ഥനമാനിച്ച് ഭഗവാന്‍ മഹാവിഷ്ണു നരകാസുരന് നാരായണാസ്ത്രം നല്‍കി. ആ ആയുധം കയ്യിലുള്ളിടത്തോളം പത്നി സമേതനായ ശ്രീഹരിക്കല്ലാതെ മറ്റാര്‍ക്കും അവനെ വധിക്കാനാവില്ലെന്നു വരസിദ്ധിയും കൊടുത്തു.

അസ്ത്രം ലഭിച്ചതോടെ നരകാസുരന്‍റെ ഭാവം മാറുകയും ത്രിലോകത്തിനും ശല്യമായിത്തീരുവാനും തുടങ്ങി. അഹങ്കാരം മൂത്ത നരകാസുരന്‍ ഇന്ദ്രന്‍റെ വെൺകൊറ്റക്കുടയും കിരീടവും അപഹരിച്ചു. ഇന്ദ്രന്‍റെ അമ്മയായ അദിതിയുടെ വൈരക്കമ്മലുകള്‍ സ്വന്തമാക്കുകയും ചെയ്തു. ദേവ സ്ത്രീകളെ തടവിലിട്ടും ദേവന്മാരെ ഉപദ്രവിച്ചും അഴിഞ്ഞാടിയ നരകാസുരനെ വധിക്കാന്‍ അവസാനം മഹാവിഷ്ണു തന്നെ മുന്നിട്ടിറങ്ങി.

പ്രാഗ് ജ്യോതിഷം എന്ന നഗരമായിരുന്നു നരകാസുരന്‍റെ രാജ്യ തലസ്ഥാനം. അസുരന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും അവിടെ പ്രവേശിക്കുവാനുള്ള അനുവാദം നരകന്‍ കൊടുത്തിരുന്നില്ല.

നരകാസുരന്‍റെ ക്രൂരതകള്‍ കൊണ്ട് പൊറുതി മുട്ടിയ ഇന്ദ്രന്‍ എന്തു ചെയ്യണമെന്നറിയാതെ ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ അടുത്തെത്തി സങ്കടമുണര്‍ത്തിച്ചു. ഇതുകേട്ട ഭഗവാന്‍ മഹാലക്ഷിയോടൊപ്പം ഗരുഡാരൂഢനായി പ്രാഗ് ജ്യോതിഷത്തിലെത്തി. നരകാസുരനുമായി യുദ്ധത്തിലേര്‍പ്പെട്ട അദ്ദേഹം അര്‍ദ്ധരാത്രി കഴിഞ്ഞപാടെ അസുരനെ വധിച്ചു. ബ്രാഹ്മ മുഹൂര്‍ത്തം കഴിയവേ ഗംഗാ തീര്‍ത്ഥത്തിലെത്തി ദേഹശുദ്ധി വരുത്തി.അന്ന് തുലാമാസത്തിലെ കറുത്ത പക്ഷ ചതുര്‍ദ്ദശിയായിരുന്നു. പിന്നീട് നരകനില്‍ നിന്നും വീണ്ടെടുത്ത സ്ഥാന ചിഹ്നങ്ങളും വൈരക്കമ്മലുകളും മഹാവിഷ്ണു ദേവേന്ദ്രനെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.

നരകാസുര വധത്തില്‍ ആഹ്ളാദം പൂണ്ട ദേവന്മാര്‍ ദീപങ്ങള്‍ കത്തിച്ചും കരഘോഷങ്ങള്‍ മുഴക്കിയും മധുരം നല്‍കിയും സന്തോഷം പങ്കുവെച്ചു. ഇതിന്‍റെ സ്മരണയിലാണ് ഭൂമിയിലും നന്മയുടെ പ്രകാശം തെളിയിക്കുന്ന ആഘോഷമായി ദീപാവലി മാറിയതെന്നാണ് ഐതിഹ്യം.

പിതൃദിനം
ബംഗാളില്‍ പിതൃദിനമായാണ് ദീപാവലി ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ ഭൂമിയിലെത്തുന്ന പിതൃക്കള്‍ക്ക് വഴികാട്ടാനായി വലിയ ദണ്ഡുകള്‍ ഉയര്‍ത്തിവെച്ച് അതിനു മുകളില്‍ ദീപം കത്തിച്ചുവെച്ചാണ് ഇവരുടെ ആഘോഷം. ഇതിനായി പ്രത്യേക പൂജകളും നടത്താറുണ്ട്.പ്രാര്‍ത്ഥനകളാല്‍ നിര്‍ഭരമായ ആഘോഷ ദിവസമാണ് ദീപാവലി.

മധുപാന മഹോത്സവം
വാത്സ്യായനന്‍റെ കാമസൂത്രത്തില്‍ യക്ഷന്മാരുടെ രാത്രിയാണ് ദീപാവലി. മധുപാന മഹോത്സവമാണ് അന്നത്തെ മുഖ്യ ആഘോഷം.

മഹാബലി സ്മരണ
ഉത്തരേന്ത്യയിലെ ബ്രാഹ്മണ കുടുംബങ്ങളില്‍ മഹാബലിയുമായി ബന്ധപ്പെട്ടും ദീപാവലി ആഘോഷം നടത്താറുണ്ട്. ധാന്യപ്പൊടിയോ ചാണകപ്പൊടിയോ ഉപയോഗിച്ച് മഹാബലിയുടെ രൂപമുണ്ടാക്കി അദ്ദേഹത്തിന്‍റെ രാജ്യം വീണ്ടും വരട്ടെയെന്ന് സ്ത്രീകള്‍ പ്രാര്‍ത്ഥിക്കുന്നതാണ് ഈ ആഘോഷത്തിലെ മുഖ്യ ചടങ്ങ്. വലിയ ചന്ദ്രനെ വരുത്തല്‍ എന്ന കര്‍മ്മത്തിലൂടെ മഹാബലിപൂജ നടത്തി അദ്ദേഹത്തെ അവര്‍ കളത്തില്‍ വരുത്തും എന്നാണ് സങ്കല്‍പ്പം. മാത്രമല്ല പൂജകള്‍ക്ക് ശേഷം മഹാബലി ചക്രവര്‍ത്തിയെ പാതാളത്തിലേക്ക് തിരിച്ചയക്കുന്ന ചടങ്ങുമുണ്ടാകും.

വിക്രമ വര്‍ഷാരംഭദിനം
വിക്രമാദിത്യ ചക്രവര്‍ത്തി സ്ഥാനാരോഹണം ചെയ്ത വിക്രമ വര്‍ഷാരംഭ ദിനമായും ദീപാവലി ആഘോഷിക്കാറുണ്ട്. ജൈന മതക്കാര്‍ക്കിടയില്‍ മഹാവീരന്‍ നിര്‍വാണം പ്രാപിച്ച ദിനത്തിന്‍റെ ഓര്‍മ്മയാണ് ദീപാവലി. വര്‍ദ്ധമാന മഹാവീരനെ അറിവിന്‍റെ വെളിച്ചമായി ഇവര്‍ കണക്കാക്കുന്നു. അതുകൊണ്ട് തന്നെ ദീപാവലി ദിനത്തില്‍ ദേഹശുദ്ധി വരുത്തി ഒന്‍പത് തിരിയുള്ള നെയ് വിളക്ക് തെളിയിച്ച് മീനാക്ഷി പഞ്ചരത്നവും ഭവാനി അഷ്ടകവും ജപിക്കുന്നത് ഐശ്വര്യദായകമാണെന്ന് ഇവര്‍ കരുതുന്നു.

ശ്രീരാമ പട്ടാഭിഷേകം
ഭഗവാന്‍ ശ്രീരാമചന്ദ്രന്‍റെ ദുഷ്ട നിഗ്രഹത്തിനെ അടിസ്ഥാനമാക്കിയാണ് ദീപാവലി ആഘോഷിക്കുന്നതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. രാവണനെ നിഗ്രഹിച്ച ശേഷം സീതാദേവിയോടൊപ്പം ഭഗവാന്‍ അയോധ്യയിലേക്ക് മടങ്ങി. പത്നീ സമേതനായി തിരിച്ചെത്തിയ മഹാരാജാവിനെ അതീവ സന്തോഷത്തോടെയാണ് അയോദ്ധ്യവാസികള്‍ സ്വീകരിച്ചത്. ഇതിന്‍റെ ഓര്‍മ പുതുക്കലാണ് ദീപാവലിയെന്ന് വിശ്വസിക്കപ്പെടുന്നു.

ഐതിഹാസികപരമായും ആത്മീയപരമായും പലകഥകളും ദീപാവലിയെക്കുറിച്ച് പ്രചാരത്തിലുണ്ട്. എന്നാല്‍ എല്ലാ ഐതിഹ്യങ്ങളിലേയും പൊരുള്‍ ഒരേ തത്വമാണെന്നതാണ് യാഥാര്‍ത്ഥ്യം. തിന്മയ്ക്കുമേല്‍ നന്മയുടെ പ്രകാശം പരക്കുന്നുവെന്ന തത്വം. ആ പ്രകാശത്തെ ദീപങ്ങളുടെ ഉത്സവമായ ദീപാവലിയായി നമ്മളെല്ലാം ആഘോഷിക്കുന്നു.

READMORE : 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ദുരന്തം; അതേ വാര്‍ഷിക ദിനത്തില്‍ മണിച്ചന് മോചനം

Related posts

സംസ്ഥാനത്തെ സ്കൂളുകളിൽ ജൂൺ ഒന്നിന് പ്രവേശനോത്സവം

Sree

നിഗൂഢതയും പേടിപ്പെടുത്തുന്ന മരണങ്ങളും; ഇത് 400 വർഷത്തെ ഭീകരതയുടെ ചരിത്രം…

Sree

ട്രക്കുകളിൽ എത്തിയത് ടൺ കണക്കിന് തക്കാളി; രണ്ട് വർഷത്തിന് ശേഷം സ്പെയിനിൽ വീണ്ടും തക്കാളിയേറ്

Sree

Leave a Comment