ഫ്രഞ്ച് ലീഗിൽ പാരിസ് സെൻ്റ് ജർമന് ജയം. കരുത്തരായ ഒളിമ്പിക് മാഴ്സയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പിഎസ്ജി മറികടന്നത്. സൂപ്പർ താരം നെയ്‌മർ പിഎസ്ജിയുടെ വിജയഗോൾ നേടി. ഇതോടെ ലീഗിൽ പിഎസ്ജി പരാജയമറിയാതെ 20 മത്സരങ്ങൾ പൂർത്തിയാക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയ്ക്കെതിരെ ലിവർപൂൾ ഏകപക്ഷീയമായ ഒരു ഗോളിനു വിജയിച്ചു. മുഹമ്മദ് സലയാണ് ലിവർപൂളിൻ്റെ ഗോൾ നേടിയത്.
ഫ്രഞ്ച് ലീഗിൽ കരുത്തുറ്റ രണ്ട് ടീമുകൾ തമ്മിൽ നടന്ന പോരാട്ടം ബലാബല പരീക്ഷണമായിരുന്നു. ഇരു ടീമുകളും ആക്രമിച്ചും പ്രത്യാക്രമിച്ചും കളിച്ചപ്പോൾ കളി ആവേശകരമായി. 33ആം മിനിട്ടിൽ ലയണൽ മെസിയുടെ ഒരു മനോഹര ഫ്രീകിക്ക് ക്രോസ് ബാറിൽ തട്ടി മടങ്ങി. ഫ്രീകിക്ക് തടയാൻ ബോക്സിലെത്തിയ മാഴ്സയുടെ മുഴുവൻ താരങ്ങളെയും മറികടന്നാണ് മെസി ഗോളിനരികെ എത്തിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് നിർണായക ഗോൾ പിറന്നു. കിലിയൻ എംബാപ്പെയുടെ അസിസ്റ്റിൽ നിന്ന് നെയ്‌മർ വല ചലിപ്പിക്കുകയായിരുന്നു. ജയത്തോടെ പിഎസ്ജി ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തി.
കെട്ടുപൊട്ടിച്ചോടുന്ന മാഞ്ചസ്റ്റർ സിറ്റിക്കെതിരെ തകർപ്പൻ ജയമാണ് ലിവർപൂൾ നേടിയത്. ഗോളടിയിൽ ദിവസവും റെക്കോർഡുകൾ ഭേദിക്കുന്ന എർലിൻ ഹാലണ്ടിനെ തടഞ്ഞുനിർത്തി എന്ന് മാത്രമല്ല, സിറ്റിക്കെതിരെ വിജയിക്കാനും ലിവർപൂളിനു സാധിച്ചു. പൊസിഷനിലും ഗോൾ ശ്രമങ്ങളിലുമൊക്കെ മുന്നിൽ നിന്നെങ്കിലും ലിവർപൂൾ പ്രതിരോധത്തെ മറികടക്കാൻ പേരുകേട്ട സിറ്റി ആക്രമണ നിരയ്ക്ക് സാധിച്ചില്ല. 74ആം മിനിട്ടിൽ ഗോൾ പിറന്നു. ആലിസൺ നീട്ടിയടിച്ച പന്ത് സ്വീകരിച്ച മുഹമ്മദ് സല എഡേഴ്സണെ കബളിപ്പിച്ച് ഒരു ചിപ് ഷോട്ടിലൂടെ വലകുലുക്കി.
8 മത്സരങ്ങളിൽ നിന്ന് രണ്ട് ജയം മാത്രമുണ്ടായിരുന്ന ലിവർപൂളിന് ഈ വിജയം ഏറെ ആത്‌മവിശ്വാസം പകരും. നിലവിൽ 9 മത്സരങ്ങളിൽ നിന്ന് 13 പോയിൻ്റുള്ള ലിവർപൂൾ എട്ടാം സ്ഥാനത്താണ്. 10 മത്സരങ്ങളിൽ നിന്ന് 23 പോയിൻ്റുള്ള മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. 10 മത്സരങ്ങളിൽ നിന്ന് 27 പോയിൻ്റുള്ള ആഴ്സണലാണ് ഒന്നാമത്.