വരുന്ന ഐപിഎൽ സീസണു മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സ് റിലീസ് ചെയ്തത് മൂന്ന് താരങ്ങളെയെന്ന് റിപ്പോർട്ട്. ഇംഗ്ലീഷ് പേസർ ക്രിസ് ജോർഡൻ, ന്യൂസീലൻഡ് പേസർ ആദം മിൽനെ, ന്യൂസീലൻഡ് ഓൾറൗണ്ടർ മിച്ചൽ സാൻ്റ്നർ എന്നിവരെയാണ് ചെന്നൈ റിലീസ് ചെയ്തത്. മാനേജ്മെൻ്റുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ടീം വിടുമെന്ന് കരുതപ്പെട്ടിരുന്ന സ്റ്റാർ പ്ലയർ രവീന്ദ്ര ജഡേജയെ എംഎസ് ധോണിയുടെ നിർദ്ദേശപ്രകാരം നിലനിർത്തിയെന്നും റിപ്പോർട്ടുണ്ട്.
ജഡേജയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതിനു പിന്നാലെയാണ് താരം ചെന്നൈ അഭ്യൂഹങ്ങൾ ശക്തമായത്. ഇതിനിടെ ചെന്നൈയുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് ജഡേജ നീക്കം ചെയ്തത് ഈ അഭ്യൂഹങ്ങൾ ശക്തമാക്കി. എന്നാൽ, ജഡേജയെ വിട്ടുകൊടുക്കില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് അറിയിച്ചത് വീണ്ടും ആശയക്കുഴപ്പമുണ്ടാക്കി. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പരിഗണിക്കുമ്പോൾ താരം ചെന്നൈയിൽ തന്നെ തുടർന്നേക്കുമെന്നാണ് സൂചന.
അതേസമയം, മുംബൈ ഇന്ത്യൻസ് ജഴ്സിയിലെ സുപ്രധാന താരങ്ങളിൽ ഒരാളായ വെസ്റ്റ് ഇൻഡീസ് താരം കീറോൺ പൊള്ളാർഡ് ഇനി ടീമിൽ കളിക്കില്ല. വരുന്ന ഐപിഎൽ സീസണു മുന്നോടിയായി പൊള്ളാർഡിനെ മുംബൈ റിലീസ് ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. പൊള്ളാർഡ് ഉൾപ്പെടെ അഞ്ച് താരങ്ങളെ മുംബൈ റിലീസ് ചെയ്തു എന്നാണ് റിപ്പോർട്ട്.
പൊള്ളാർഡിനൊപ്പം വിൻഡീസ് ഓൾറൗണ്ടർ ഫാബിയൻ അലൻ, ഇംഗ്ലണ്ട് പേസർ തൈമൽ മിൽസ്, ഇന്ത്യൻ താരങ്ങളായ മായങ്ക് മാർക്കണ്ഡെ, ഹൃതിക് ഷോകീൻ എന്നിവരെയും മുംബൈ റിലീസ് ചെയ്തു എന്നാണ് റിപ്പോർട്ട്. മലയാളി താരം ബേസിൽ തമ്പിയെ ടീം നിലനിർത്തി എന്നത് ശ്രദ്ധേയമാണ്.
ഓസീസ് പേസർ ജേസൻ ബെഹ്റൻഡോർഫ് ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിൽ തിരികെയെത്തിയിരുന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ നിന്നണ് താരം മുംബൈയിലേക്ക് തിരികെയെത്തിയത്. കഴിഞ്ഞ ലേലത്തിൽ 75 ലക്ഷം രൂപയ്ക്കാണ് ആർസിബി ബെഹ്റൻഡോർഫിനെ ടീമിലെത്തിച്ചത്. എന്നാൽ, താരം ഒരു മത്സരത്തിലും കളിച്ചിരുന്നില്ല.
ഈ മാസം 15നാണ് നിലനിർത്തുന്ന താരങ്ങളുടെ പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതി. അടുത്ത സീസണു മുന്നോടി ആയുള്ള മിനി ലേലം ഡിസംബർ 23ന് കൊച്ഛിയിൽ നടക്കും.