കത്ത് നിയമന വിവാദത്തിൽ കോർപ്പറേഷനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. പ്രധിഷേധക്കാർക്കെതിരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. രണ്ട് തവണ ജലപീരങ്കി ഉപയോഗിച്ചിട്ടും പിരിഞ്ഞു പോകാത്തതിനെത്തുടർന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ജലപീരങ്കിയിൽ രണ്ട് പ്രവർത്തകർക്ക് പരുക്കേറ്റു. പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ട് മണിക്കൂറായി തിരുവനന്തപുരം നഗരസഭയുടെ അകത്തും പുറത്തും പ്രധിഷേധം ശക്തമായി തുടരുന്നു.
ഇതിനിടെ തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം – ബിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷമുണ്ടായി. നിയമനക്കത്തുമായി ബന്ധപ്പെട്ട ബിജെപി കൗൺസിലർമാരുടെ പ്രതിഷേധമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇപ്പോഴും കോർപ്പറേഷനിൽ സംഘർഷം തുടരുകയാണ്.
മേയർ ആര്യാ രാജേന്ദ്രനെതിരെ പ്രതിഷേധം നടത്തിയ യുവമോർച്ചയ്ക്ക് പിന്തുണയായി കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ രംഗത്തുവന്നിരുന്നു. കെട്ടിടത്തിനു പുറത്തുവന്ന് പ്രതിഷേധിച്ച ഇവർ തിരികെ കയറാൻ ശ്രമിക്കുമ്പോൾ ഈ വാതിൽ അടച്ചുപൂട്ടി. ഇതിനു പിന്നാലെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ് സലീമിനെ മുറിയ്ക്കുള്ളിൽ പൂട്ടിയിട്ടു. തുടർന്ന് ഇരു വിഭാഗത്തെയും കൗൺസിലർമാർ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു.
അതിനിടെ ഒരു ബിജെപി കൗൺസിലർക്ക് ദേഹാസ്വസ്ഥ്യമുണ്ടായി. ഇദ്ദേഹത്തെ പുറത്തെത്തിച്ചു. പുറത്ത് പൂട്ടിയിട്ട ബിജെപി കൗൺസിലർമാരെ പൂട്ടുപൊളിച്ച് അകത്തെത്തിക്കാൻ ശ്രമം തുടരുകയാണ്.
READMORE : ‘പറക്കും തളിക’ ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ല; ലൈസൻസ് സസ്പെൻഡ് ചെയ്തു