
വൈദ്യുതവാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വാഹന നിർമാതാക്കളെ ആകർഷിക്കുന്നതിനുമുള്ള നയപരിപാടികൾ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. ഇതുവഴി 50,000 കോടി രൂപയുടെ നിക്ഷേപവും ഒന്നരലക്ഷം തൊഴിലവസരങ്ങളുമാണ് പ്രതീക്ഷിക്കുന്നത്.
വൈദ്യുതവാഹന നിർമാതാക്കളുടെ ദക്ഷിണേഷ്യയിലെ പ്രിയകേന്ദ്രമായി തമിഴ്നാടിനെ മാറ്റാൻ ഉദ്ദേശിച്ചുള്ള നയരേഖ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ചൊവ്വാഴ്ച പ്രകാശനം ചെയ്തത്. അഞ്ചുവർഷം പ്രാബല്യമുള്ള നയരേഖയനുസരിച്ച് വൈദ്യുത വാഹനനിർമാണശാല തുടങ്ങുന്നവർക്ക് ആകർഷകമായ ആനുകൂല്യങ്ങൾ ലഭിക്കും.
വൈദ്യുത വാഹനങ്ങൾക്കുള്ള നികുതിയിളവ് 2025 ഡിസംബർ 31 വരെ തുടരും. ചാർജിങ് സ്റ്റേഷനുകൾ തുടങ്ങുന്നവർക്ക് സഹായധനവും സബ്സിഡിയും ലഭ്യമാക്കും. മിതമായ നിരക്കിൽ വൈദ്യുതി ലഭ്യമാക്കും.
വൈദ്യുത വാണിജ്യവാഹനങ്ങൾക്ക് പ്രോത്സാഹനംനൽകി ചെന്നൈ, കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളി, സേലം, തിരുനെൽവേലി നഗരങ്ങളെ ഇ.വി. സിറ്റികളാക്കാൻ നയരേഖ ലക്ഷ്യമിടുന്നു. വൈദ്യുതവാഹന സാങ്കേതികവിദ്യയുടെ വികസനത്തിനുള്ള ഗവേഷണ പദ്ധതികളെ പ്രോത്സാഹിപ്പിക്കുകയും ഗവേഷണങ്ങളെ വ്യവസായവുമായി ഇണക്കുകയുംചെയ്യും.