അരിമ്പൂർ: മനക്കൊടി – പുള്ള് റോഡിൽ അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് റോഡരുകിലെ സുരക്ഷാ മതിൽ ഇടിച്ചു തകർത്തു. കാർ ഡ്രൈവർ തൃശൂർ അവണൂർ സ്വദേശി വി.എസ്.പി. വില്ലയിൽ എ.എസ്. ആദർശ് (21) നെ അന്തിക്കാട് പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. ഇറിഗേഷൻ ചാലിൽ നിന്ന് വാരിയം കോൾ പടവിലേക്ക് പോകുന്ന കനാലിനോട് ചേർന്നുള്ള കൾവർട്ടിന്റെ രക്ഷാ ഭിത്തിയിലിടിച്ചാണ് വാഹനം നിന്നത്.
ഇടിയുടെ ആഘാതത്തിൽ സംരക്ഷണ ഭിത്തിയോട് ചേർന്നുള്ള മനക്കൊടി – പിഡബ്ലിയുഡി റോഡ് രണ്ടടിയോളം വിണ്ട നിലയിലാണ്. സുരക്ഷാ ഭിത്തിയും അടർന്ന് നിൽക്കുകയാണ്. ഇതോടെ സുരക്ഷാ ഭിത്തിയും പാലവും സമീപത്തെ താഴ്ച്ചയുള്ള വെള്ളം നിറഞ് കിടക്കുന്ന ചാലിലേക്ക് ഏത് സമയത്തും വീഴുമെന്ന ഭീതിയിലാണ് നാട്ടുകാർ.
ഈ സുരക്ഷാ ഭിത്തി ഒരു കവചമായി നിന്നതിനാലാണ് അപകടത്തിൽ പെട്ടവർ അത്ഭുതകരമായി രക്ഷപെട്ടതെന്നും നാട്ടുകാർ പറയുന്നു. ഡ്രൈവറുൾപ്പടെ നാലുപേർ വാഹനത്തിലുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
READ MORE: https://www.e24newskerala.com/