രണ്ട് വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന കൊല്ലം സ്വദേശി രതിക്കും കുടുംബത്തിനും കൈത്താങ്ങായി വ്യവസായി എം.എ. യൂസഫലി. രതിയുടെ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി 10 ലക്ഷം രൂപയാണ് കൈമാറിയത്. രണ്ട് വൃക്കകളും തകരാറിലായ യുവതിയുടെ അവസ്ഥ മാദ്ധ്യമങ്ങളിലൂടെയാണ് യൂസഫലിയുടെ ശ്രദ്ധയിൽപ്പെട്ടത്.
ഏകദേശം ആറ് വർഷത്തോളമായി പുന്തലത്താഴം സ്വദേശി രതിയുടെ ഇരു വൃക്കകളും തകരാറിലാണ്. രതിയുടെ അമ്മ തങ്കമണി വൃക്ക നൽകാൻ തയ്യാറാണ്. എന്നാൽ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമുള്ള ചെലവ് താങ്ങാനുള്ള സാമ്പത്തികാവസ്ഥ ഇവരുടെ കുടുംബത്തിനില്ല.
രതിയുടെ ഭർത്താവ് സുനിലും അച്ഛൻ രാജൻപിള്ളയും കൂലിപ്പണിക്കാരാണ്. രണ്ടു മക്കളുണ്ട്. നിലവിൽ ആഴ്ചയിൽ രണ്ട് ദിവസം ഡയാലിസിസ് ചെയ്യുന്നുണ്ട്. ഇതുമൂലം വീടിന്റെ വായ്പ തിരിച്ചടവും മുടങ്ങി. ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയിയുടെ നേതൃത്വത്തിലാണ് രതിയുടെ വീട്ടിലെത്തി ചെക്ക് കൈമാറിയത്.