ഖത്തർ ഫുട്ബോൾ ലോകകപ്പിലെ സൗദി അറേബ്യയോടുള്ള തോൽവിയിൽ പ്രതികരണവുമായി ലയണൽ മെസി. സൗദിയോടുള്ള പരാജയം അപ്രതീക്ഷിതമായിപ്പോയെന്ന് ലയണൽ മെസി പറഞ്ഞു. പിഴവുകൾ നികത്തി അർജന്റീന തിരിച്ചുവരും. തോൽവി എല്ലായിപ്പോഴും കയ്പ്പ് നിറഞ്ഞതാണെന്നും പിഴവുകൾ മനസിലാക്കി അടുത്ത കളിയിൽ ശക്തമായി തിരികെയെത്തുമെന്നും അദ്ദേഹം ആരാധകരോട് വ്യക്തമാക്കി. 36 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറിയ അർജന്റീനയുടെ സൗദിക്കെതിരായ തോൽവി ആരാധകരെ തെല്ലൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്.
നാല് ലോകകപ്പുകളിൽ തുടർച്ചയായി ഗോളടിക്കുന്ന അർജന്റീന താരമെന്ന റെക്കോർഡ് ഈ മത്സരത്തോടെ മെസ്സിയുടെ പേരിൽ കുറിക്കപ്പെട്ടു. എന്നാൽ ലോക ഫുട്ബോളിലെ താരതമ്യേനെ ചെറിയ ടീമായ സൗദിയോടേറ്റ തോൽവിയിൽ അതെല്ലാം മുങ്ങിപ്പോവുകയായിരുന്നു. 2009ന് ശേഷം ഒരു മത്സരത്തിൽ മെസ്സി ഗോളടിച്ചിട്ടും അർജന്റീന പരാജയപ്പെടുന്നതും ഇതാദ്യമായാണ്.
ലുസൈൽ സ്റ്റേഡിയത്തിൽ മെസ്സിയുടെ അർജന്റീനയെ അക്ഷരാർത്ഥത്തിൽ സൗദി അറേബ്യ ഞെട്ടിക്കുകയായിരുന്നു. ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ കരുത്തരായ അർജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സൗദി അട്ടിമറിച്ചത്. സലേഹ് അൽഷെഹ്രി, സേലം അൽ ദവ്സരി എന്നിവർ സൗദിക്കായി ഗോളടിച്ചപ്പോൾ ആദ്യപകുതിയിൽ ലഭിച്ച പെനാലിറ്റി മെസ്സിയും ഗോളാക്കി.
അറിവുള്ളവർ പറയും എതിരാളി എത്ര ചെറുതാണെങ്കിലും വിലകുറച്ച് കാണരുതെന്ന്. ലുസൈൽ സ്റ്റേഡിയത്തിൽ മെസ്സിയുടെ അർജന്റീനയ്ക്ക് സംഭവിച്ചതും അതാണ്. ജയം കൈവെള്ളയിൽ, എത്ര ഗോൾ പിറക്കും? അതിൽ മിശിഹായുടെ സംഭാവന എത്ര? ഇതുമാത്രം അറിയാൻ കാത്തിരുന്നവർ പക്ഷേ സൗദിയെ വിലകുറച്ചു കണ്ടു.
കളിയുടെ 10 ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മെസ്സി തന്റെ 2022 ലോകകപ്പ് ആരംഭിച്ചു. ആരാധക ആവേശം അണപൊട്ടിയ നിമിഷം. പരെഡെസിനെ അൽ ബുലയാഹി ബോക്‌സിനകത്തുവെച്ച് ഫൗൾ ചെയ്തതിനാണ് റഫറി അർജന്റീനയ്ക്കനുകൂലമായി പെനാൽട്ടി വിധിച്ചത്. സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീന വലയിൽ പന്തെത്തിച്ചത് ആകെ നാലു തവണയാണ്. പക്ഷേ ഓഫ്സൈഡ് കെണിയിൽ കുരുങ്ങിയതോടെ ഗോൾ അനുവദിക്കപ്പെട്ടത് ഒന്നിൽ മാത്രം.
22-ാം മിനിറ്റിൽ മെസ്സി വീണ്ടും വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നാലെ 28–ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസും ലക്ഷ്യം കണ്ടെങ്കിലും ഇക്കുറിയും ഓഫ്സൈഡ് വില്ലനായി. 34–ാം മിനിറ്റിൽ ഒരിക്കൽക്കൂടി അർജന്റീന പന്ത് സൗദി വലയിലെത്തിച്ചെങ്കിലും ഇത് ആവർത്തിച്ചു. മെസ്സിയുടെ ഒറ്റ ഗോൾ ലീഡിൽ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയിൽ കളി മാറി. സൗദിയുടെ സമനില ഗോൾ എത്തി. 48 ആം മിനിറ്റിൽ എമിലിയാനോ മാർട്ടിനെസിൻ്റെ പന്ത് സാലിഹ് അൽഷെഹ്‌രി വലയിൽ എത്തിച്ചു.
3 ആം മിനിറ്റിൽ രണ്ടാം ഗോൾ. അർജന്റീനയുടെ പ്രതിരോധം നോക്കി നിൽക്കെ സേലം അൽ ദവ്സരിയുടെ ഒരു ഷാർപ്പ് ഷൂട്ട്. ലീഡ് നേടിയതോടെ സൗദി പ്രതിരോധം ശക്തമാക്കി. ഇടം വലം അനങ്ങാൻ അനുവദിക്കാതെ അർജന്റീനയെ പൂട്ടി. ഇടയിൽ വീണു കിട്ടിയ അവസരം മെസ്സി പാഴാക്കി. മത്സരം ചൂട് പിടിച്ചതോടെ മഞ്ഞ കാർഡുകൾ പ്രത്യക്ഷപ്പെട്ടു. എട്ട് മിനിറ്റ് അധിക സമയം ലഭിച്ചിട്ടും സമനിലയ്‌ക്കായുള്ള അർജന്റീനയുടെ ശ്രമങ്ങൾ തുടർന്നു. പക്ഷേ ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല.