ഇന്ത്യയിലെ ദളിത്- ആദിവാസി വിഭാഗങ്ങളുടെ അധിനിവേശകാല ഫോട്ടോകളുടെ പ്രദർശനവും ചർച്ചയും ജർമ്മനിയിലെ ബെർലിനില്‍ നടന്നു. 2021 ലെ ബെർലിൻ ആർട്ട് പ്രൈസ് ജേതാവും ബെർലിൻ കേന്ദ്രമാക്കി കലാപ്രവർത്തനങ്ങൾ നടത്തിവരുന്ന മലയാളി കലാകാരൻ സാജൻ മണിയുടെ ‘വേക്കപ് കോൾ ഫോർ മൈ ആങ്‌സെസ്റ്റെർസ്’ എന്ന പുതിയ ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് കലാപ്രദർശനം.
ആദ്യകാല ദളിത്- ആദിവാസി ഫോട്ടോഗ്രാഫുകളിൽ അന്തർലീനമായ ജാതി അടിമത്തം, സാംസ്കാരിക കൊള്ള, കൊളോണിയൽ നോട്ടം, തദ്ദേശീയ ജീവിതങ്ങളുടെ പാർശ്വവൽക്കരണം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് കേരള ചരിത്ര കൗൺസിൽ മുൻ ചെയർപേഴ്‌സൺ പ്രൊഫ. സനൽ മോഹൻ നേതൃത്വം നൽകി. ഗവേഷകരായ ഡോ. വിനിൽ പോൾ, ആന്റണി ജോർജ് കൂത്താനാടി, ഹബീബ ഇൻസാഫ് എന്നിവർ പങ്കെടുത്തു.