വാഷിങ്ടൺ: വടക്കൻ അമേരിക്കൻ ആകാശത്ത് അജ്ഞാത വസ്തു പ്രത്യക്ഷപ്പെടുന്നത് പതിവാകുന്നു. യു.എസ്. യുദ്ധവിമാനം വീണ്ടുമൊരു അജ്ഞാത വസ്തുകൂടി ഞായറാഴ്ച വെടിവെച്ചിട്ടു. യു.എസ്. കനേഡിയൻ അതിർത്തിയിലെ ഹുറോൺ തടാകത്തിനു മേലെയാണ് വസ്തു കണ്ടെത്തിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വെടിവെച്ചിടാൻ അനുമതി നൽകിയതിനെത്തുടർന്ന് എഫ്. 16 പോർവിമാനങ്ങളുപയോഗിച്ച് നിർവീര്യമാക്കുകയായിരുന്നു.
ചരടുകൾ തൂങ്ങിക്കിടക്കുന്ന വിധത്തിൽ അഷ്ടഭുജ ആകൃതിയിലാണ് പുതിയതായി കണ്ടെത്തിയ വസ്തു. അമേരിക്കൻ ഭൗമോപരിതലത്തിൽനിന്ന് ഏകദേശം ആറായിരം മീറ്റർ ഉയരത്തിലായിരുന്നു ഇതുണ്ടായിരുന്നത്. അമേരിക്കൻ നീക്കങ്ങളെ നിരീക്ഷിക്കാൻ കഴിയുന്നതാണോ വസ്തു എന്ന് ഉറപ്പിക്കാൻ യു.എസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് വെടിവെച്ചിട്ടതെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.