ടി-20യിൽ ഏറ്റവുമധികം അർധസെഞ്ചുറികൾ നേടിയ താരമെന്ന റെക്കോർഡ് ഡൽഹി ക്യാപിറ്റൽസിൻ്റെ ഓസീസ് താരം ഡേവിഡ് വാർണറിന്. ഇന്നലെ തൻ്റെ പഴയ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയ അർധസെഞ്ചുറിയോടെയാണ് വാർണർ ഈ നേട്ടത്തിലെത്തിയത്. ഇന്നലെ താരം നേടിയത് 89ആം അർധസെഞ്ചുറി ആയിരുന്നു. ക്രിസ് ഗെയിലിന് 88 അർധസെഞ്ചുറികളുണ്ട്.
312 മത്സരങ്ങളിൽ നിന്നാണ് വാർണറിൻ്റെ നേട്ടം. ക്രിസ് ഗെയിൽ ആവട്ടെ 463 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 77 അർധ സെഞ്ച്വറികളുമായി ഇന്ത്യൻ താരം വിരാട് കോലി മൂന്നാമതും 71 അർധ സെഞ്ച്വറികളുമായി പാക് താരം ഷൊഐബ് മാലിക് നാലാമതുമാണ്.
ഹൈദരാബാദിനെതിരെ 58 പന്തിൽ നിന്ന് 12 ബൗണ്ടറിയും മൂന്ന് സിക്സും ഉൾപ്പെടെ 92 റൺസ് നേടി വാർണർ പുറത്താവാതെ നിന്നു. വാർണറിൻ്റെ ബാറ്റിംഗ് മികവിൽ ഡൽഹി മത്സരത്തിൽ വിജയം കുറിയ്ക്കുകയും ചെയ്തു. 21 റൺസിനാണ് ഡൽഹി ഹൈദരാബാദിനെ കീഴടക്കിയത്. ഡൽഹി മുന്നോട്ടുവച്ച 208 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനേ സാധിച്ചുള്ളൂ. 62 റൺസെടുത്ത നിക്കോളാൻ പൂരാൻ ഹൈദരാബാദിൻ്റെ ടോപ്പ് സ്കോററായി. ഡൽഹിക്ക് വേണ്ടി ഖലീൽ അഹ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.