കൊച്ചിയിൽ നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചുമൂടിയ ഭഗവൽ സിംഗിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകളിൽ ഇടത് ആഭിമുഖ്യം. ഇടതു സഹയാത്രികൻ എന്ന തരത്തിലാണ് ഇയാൾ പല പോസ്റ്റുകളും ഇട്ടിരിക്കുന്നത്. മലയാള ഹൈകു കവിതയെഴുതുന്നയാൾ കൂടിയാണ് ഭഗവൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിച്ചപ്പോൾ പുറത്തിറങ്ങിയ ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജ് ഇയാൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല വീണ ജോർജ് വിജയിച്ചതിന് പിന്നാലെ അഭിവാദ്യങ്ങൾ സഖാവേ എന്ന ക്യാപ്ഷനോടെ വീണയുടെ ചിത്രവും ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നരബലി നടത്തിയ കേസിലെ പ്രധാന പ്രതി ഭാഗവന്ത് സിംഗ് പത്തനംതിട്ട ജില്ലയിലെ അറിയപ്പെടുന്ന സിപിഐഎം സംഘാടകന്‍ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചു. സിപിഐഎം പ്രാദേശിക നേതാവായ ഇദ്ദേഹം കര്‍ഷക സംഘത്തിന്റെ ഭാരവാഹി ആണെന്നും അതുകൊണ്ട് കേസ് ഇല്ലാതായി പോകരുതെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
അറിയപ്പെടുന്ന സിപിഐഎം പ്രവര്‍ത്തകനാണ് ഇതിന്റെ കണ്ണിയായി വന്നിരിക്കുന്നത്. മാത്രമല്ല മതഭീകരവാദ ശക്തികളുടെ സാന്നിധ്യവും പരിശോധിക്കണം. രാജ്യത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്നതു പോലെ പ്രാകൃതമായ നടപടി അവിടെയും നടന്നിട്ടുണ്ട്. ആസൂത്രണം ചെയ്തവരുടേയും നടപ്പാക്കിയവരുടെയും പശ്ചാത്തലമുള്‍പ്പെടെ പരിശോധിക്കണം. ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയവും സാമൂഹ്യവുമായ ബന്ധങ്ങളുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ഐശ്വര്യവും സമ്പത്തും ലഭ്യമാകാനുള്ള സർവൈശ്വര്യ പൂജയ്ക്ക് വേണ്ടിയായിരുന്നു മൂന്ന് സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് ഇയാൾ നൽകിയ മൊഴി. സെപ്തംബർ 26നാണ് കൊച്ചി കടവന്ത്രയിൽ ലോട്ടറി വിൽപ്പനക്കാരിയായ പത്മയെ കാണാതാവുന്നത്. പത്മയുടെ തിരോധാനമാണ് നരബലിയെ കുറിച്ചുള്ള വെളിപ്പെടുത്തലിലേക്ക് വഴി തെളിച്ചത്. സെപ്തംബർ 26ന് ശേഷവും ഭഗവൽ ഫെയ്സ്ബുക്കിൽ തുടർച്ചയായി ഹൈകു കവിതകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് വരി മാത്രമുള്ള ചെറിയ പദ്യരൂപത്തെയാണ് ഹൈകു കവിതയെന്ന് വിളിക്കുന്നത്.
ചുരുണ്ട രൂപം
പീടികത്തിണ്ണയിൽ
മുഷിഞ്ഞ പുത
ഇതാണ് ഭഗവൽ സിംഗ് ഏറ്റവും ഒടുവിൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഹൈകു കവിത. നാല് ദിവസം മുമ്പാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഉലയൂതുന്നു
പണിക്കത്തി കൂട്ടുണ്ട്
കുനിഞ്ഞ തനു
ഈ കവിത പോസ്റ്റ് ചെയ്തിരിക്കുന്നത് ഈ മാസം ആറിനാണ്. 2020, 2021 വർഷങ്ങളിലും ഇയാൾ ഫെയ്സ്ബുക്കിൽ തുടർച്ചയായി ഹൈകു കവിതകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തെ നടുക്കിക്കൊണ്ടാണ് തിരുവല്ലയിൽ നരബലി നടന്നുവെന്ന വാർത്ത ഇന്ന് രാവിലെ പുറത്ത് വന്നത്