latest news World News

റീലുണ്ടാക്കാനുള്ള ശ്രമം; വിനോദസഞ്ചാരികള്‍ തകര്‍ത്തത് രണ്ട് കോടിയോളം വിലവരുന്ന പ്രതിമ….

ചരിത്രപ്രാധാന്യമുള്ളതും വിലമതിക്കാനാവാത്തതുമായ നിർമ്മിതികൾ വിനോദസഞ്ചാരികൾ നശിപ്പിക്കുന്ന സംഭവങ്ങൾ സമീപകാലത്ത് വ്യാപകമാണ്. സെൽഫിയെടുക്കാനും റീലുകൾ ചെയ്യാനമുള്ള ശ്രമങ്ങൾക്കിടയിലാണ് പലപ്പോഴും ഇത്തരം സംഭവങ്ങളുണ്ടാവുക. സമാനമായ ഒരു വാർത്തയാണ് വടക്കൻ ഇറ്റലിയിൽ നിന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റീലുണ്ടാക്കാനുള്ള ശ്രമത്തിനിടെ ഒരുകൂട്ടം വിനോദസഞ്ചാരികൾ തകർത്തത് രണ്ട് കോടിയോളം വിലവരുന്ന, നൂറ്റമ്പത് വർഷം പഴക്കമുള്ള അമൂല്യമായ ഒരു പ്രതിമയാണ്.

വടക്കൻ ഇറ്റലിയിലെ ഒരു വില്ലയിലാണ് ഈ പ്രതിമ സ്ഥാപിച്ചിരുന്നത്. ഇവിടെ താമസിക്കാനെത്തിയ ഒരുകൂട്ടം ജർമ്മൻ സഞ്ചാരികൾ പ്രതിമയ്ക്ക് മുൻപിൽ ഒന്നിച്ച് പോസ് ചെയ്ത് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് പ്രതിമ സ്റ്റാൻഡിൽ നിന്നും താഴെ വീണ് തകർന്നത്. വില്ല മാനേജർ ബ്രൂണോ ഗോൾഫെർനി ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. പ്രശസ്ത ഇറ്റാലിയൻ ശിൽപിയായ എന്റികോ ബുട്ടിയുടെ ഡോമിന എന്ന ശിൽപമാണ് തകർന്നത്. വീഡിയോ ചിത്രീകരിക്കുന്നതിനിടെ രണ്ട് വിനോദസഞ്ചാരികൾ സ്റ്റാൻഡിന് മുകളിലേക്ക് കയറി ശിൽപത്തെ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്നതിനിടെ താഴെ വീണ് തകരുകയായിരുന്നു. 1.70 മിറ്റർ ഉയരമുള്ള ശിൽപം വില്ലയിലെ ഫൗണ്ടനിലാണ് സ്ഥാപിച്ചിരുന്നത്. വില്ല അധികൃതർ ചോദ്യം ചെയ്തപ്പോൾ പ്രതിമ മണലുകൊണ്ട് നിർമ്മിച്ചതാണെന്നും അതുകൊണ്ടാണ് തകർന്നതെന്നുമായിരുന്നു സഞ്ചാരികളുടെ മറുപടി. ഇതോടെ വില്ലയുടെ ഉടമ പോലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് വില്ല വാടകയ്ക്ക് എടുത്ത 17 ജർമ്മൻ വിനോദസഞ്ചാരികൾക്കെതിരെ കേസെടുത്തു. പ്രതിമ തകർത്തതിനുള്ള നഷ്ടപരിഹാരം ഇവർ നൽകണമെന്നാണ് വില്ല ഉടമയുടെ നിലപാട്. നിലത്തുവീണ പ്രതിമ പല കഷണങ്ങളായി ചിതറി. ഇത് പഴയരൂപത്തിലേക്ക് ആക്കാൻ ബുദ്ധിമുട്ടാണെന്നും ഇനി സാധിച്ചാലും ഒരിക്കലും പഴയ സൗന്ദര്യമുണ്ടാവില്ലെന്നും വില്ല ഉടമ മാധ്യമങ്ങളോട് പറഞ്ഞു.

Related posts

വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ തുടക്കം; 32 ടീമുകൾ പരസ്പരം പോരടിക്കും

Akhil

കണ്ണോത്ത് മല ജീപ്പ് അപകടം: മരണപ്പെട്ട 9 പേരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

Akhil

പത്തനംതിട്ട ഇളമണ്ണൂരിൽ കാപ്പ കേസ് പ്രതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ

Akhil

Leave a Comment