ദുബായ്: യുഎഇയിൽ രജിസ്ട്രേഷനുള്ള ആദ്യ ഓട്ടോറിക്ഷ സ്വന്തമാക്കി മലയാളിയായ പ്രവാസി ജുലാഷ് ബഷീർ. ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്ത 1985 മോഡൽ ക്ലാസിക് പിയാജിയോ ക്ലാസിനോയെ ഇനി ദുബായ് നിരത്തുകളിൽ കാണാം. ക്ലാസിക് വാഹനങ്ങളോട് പ്രത്യേക കമ്പമുള്ള ജുലാഷ് മൂന്നു മാസം മുമ്പാണ് ഇറ്റാലിയൻ സുന്ദരിയായ മുച്ചക്ര വാഹനം സ്വന്തമാക്കിയത്. ഷാർജയിലെ ഓൾഡ് കാർ ക്ലബിൽ രജിസ്റ്റർ ചെയ്തതോടെ യുഎഇയിൽ രജിസ്ട്രേഷനുള്ള ആദ്യ ഓട്ടോ മുതലാളിയായി മാറിയിരിക്കുകയാണ് ജുലാഷ്.
ക്ലാസിക് വാഹനങ്ങൾ നിരത്തിലിറക്കണമെങ്കിൽ ഷാർജ ഓൾഡ് കാർ ക്ലബിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. ഓട്ടോറിക്ഷ ആയതിനാൽ രജിസ്ട്രേഷന് കാറിന്റെ ലൈസൻസിനൊപ്പം ബൈക്ക് ഓടിക്കാനുള്ള ലൈസൻസും സമർപ്പിക്കണം. ഷാർജ ഓൾഡ് കാർ ക്ലബിൽ നിന്ന് കസ്റ്റംസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ഇനി സ്വതന്ത്രമായി വാഹനവുമായി യുഎഇയിൽ സവാരി നടത്താം. രജിസ്ട്രേഷൻ കാലാവധി ഒരു വർഷമാണ്.
ഓട്ടോയുടെ പരമാവധി വേഗത 80 കിലോമീറ്ററാണ്. അതിൽ യുഎഇയിലെ അതിവേഗ പാതയിൽ ഓട്ടോയ്ക്ക് പ്രവേശിക്കാനാവില്ല. എന്നാൽ മറ്റ് റോഡുകളിൽ വാഹനം ഓടിക്കുന്നതിന് പ്രയാസമില്ലെന്ന് ജുലാഷ് പറഞ്ഞു.
ദുബായിൽ ബിസിനസുകാരനായ ജുലാഷ് മുമ്പ് കേരളത്തിൽ നിന്ന് ടിവിഎസ് കമ്പനിയുടെ ഓട്ടോ ഇറക്കുതി ചെയ്ത് രജിസ്ട്രേഷനായി അപേക്ഷിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്നാണ് ക്ലാസിക് മോഡലായ പിയാജിയോ ക്ലാസിനോവിനെ ഇറ്റലിയിൽ നിന്നും എത്തിച്ചത്.