തൃശൂർ പൂരമെന്നാൽ വെടിക്കെട്ടാണ് ആദ്യം മനസിലേക്ക് ഓടിയെത്തുന്നത്. വിദേശികളടക്കം അന്നത്തെ ദിവസം പൂരനഗരിയിലേക്ക് ഒഴുകിയെത്തും. ലക്ഷ്യം വെടിക്കെട്ട് കാണുക തന്നെ. മണിക്കൂറുകൾ നീളുന്ന കരിമരുന്ന് പ്രയോഗം. കറുത്ത മാനം അന്ന് പകലിനേക്കാൾ ശോഭയോടെ ജ്വലിച്ച് നിൽക്കും. ലോക പ്രശസ്തമായ ഈ വെളിച്ച വിസ്മയം ഇത്തവണ ചരിത്രത്താളുകളിൽ ഇടംപിടിക്കുന്നത് ഷീനയുടെ പേരിലാകും. തൃശൂർ പൂരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ത്രീ വെടിക്കെട്ടിന് നേതൃത്വം വഹിക്കാൻ ഒരുങ്ങുന്നു.
തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് ഒരുക്കുന്നത് വടക്കാഞ്ചേരി കുണ്ടന്നൂർ സ്വദേശി ഷീന സുരേഷ് ആണ്. പൂരത്തിനാവശ്യമുള്ള വെടിക്കോപ്പുകളുടെ നിർമ്മാണം ഇന്ന് മുതൽ തുടങ്ങുകയാണ്.
സാധാരണയായി സ്ത്രീകൾ പടക്കനിർമാണത്തിൽ ഏർപ്പെടാറുള്ളതാണ്. വിവാഹത്തിന് ശേഷമാണ് എന്നാൽ ഈ മേഖലയിലേക്ക് താൻ സജീവമാകുന്നതെന്ന് ഷീന ട്വന്റിഫോറിനോട് പറഞ്ഞു. വർഷങ്ങളായി പുരുഷന്മാരുടെ പിന്നിൽ നിന്ന് പ്രവർത്തിച്ച വ്യക്തിയാണ് ഷീന. ഇപ്പോഴിതാ ഷീന വെടിക്കെട്ട് മുൻനിരയിൽ നിന്ന് നടത്തുന്നു.