കൊച്ചിയിൽ നിന്ന് രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കഷ്‌ണങ്ങളാക്കി പത്തനംതിട്ടയ്ക്കു സമീപം ഇലന്തൂരിൽ കുഴിച്ചിട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് ഉത്തരവ് നൽകിയത്. ഒകടോബർ 28ന് എറണാകുളം പത്തടി പാലം റസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി
അതേസമയം, കസ്റ്റഡിയിലുള്ള ഭഗവൽ സിംഗ് പാർട്ടി അംഗമല്ലെന്ന് സിപിഐഎം പിബി അംഗം എം.എ.ബേബി. പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടായേക്കാം. പക്ഷേ അദ്ദേഹം പാർട്ടി അംഗമല്ലെന്ന് എം.എ.ബേബി പറഞ്ഞു. നാടിനെ ഞെട്ടിച്ച സംഭവമാണ് നരബലി. അപമാനവും അമർഷവും ഉണ്ടാക്കുന്ന ഒന്നാണിത്. ദൈവ സങ്കല്പങ്ങളെ അപമാനിക്കുന്ന സംഭവമാണിതെന്നും ബേബി പറഞ്ഞു.
കൊച്ചിയിൽ നിന്ന് രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കഷ്‌ണങ്ങളാക്കി പത്തനംതിട്ടയ്ക്കു സമീപം ഇലന്തൂരിൽ കുഴിച്ചിട്ട സംഭവത്തിലെ മുഖ്യപ്രതിയായി മുഹമ്മദ് ഷാഫിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്ത് ബിലാൽ രംഗത്തെത്തി. ഷാഫി ലഹരി മരുന്ന് സംഘത്തിലെ കണ്ണിയാണ്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി പദാർഥങ്ങൾ ഷാഫി ഉപയോഗിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ലഹരി എത്തിച്ചിരുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തി.
ലോട്ടറി വിൽക്കുന്ന മറ്റ് പല സ്ത്രീകളെയും സ്വാധീനിക്കാൻ ഷാഫി ശ്രമിച്ചിരുന്നു. ഇവരിൽ നിന്ന് ലോട്ടറി എടുത്തും പണം കടം നൽകിയും ഷാഫി ലോട്ടറി വിൽക്കുന്ന സ്ത്രീകളുമായി ചങ്ങാത്തം കൂടി. ഇങ്ങനെയാണ് പത്മയുമായി ബന്ധം സ്ഥാപിച്ചതെന്നും ബിലാൽ പറഞ്ഞു.
കളമശേരിയിൽ ഒരു കൊലപാതക്കേസിൽ താൻ ജയിലിൽ കിടന്നതാണ് ഷാഫി പറഞ്ഞിട്ടുണ്ട്. അതിനുശേഷമാണ് എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്നതിനായി എത്തിയതെന്നാണ് അദ്ദേഹം പറഞ്ഞതെന്നും സുഹൃത്ത് പറഞ്ഞു.
അതേസമയം, സംഭവത്തിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഒരു കുഴിയിൽ ശരീരഭാഗങ്ങൾ കഷ്ണങ്ങളായി കുഴിച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു. താഴ്ചയിലാണ് കുഴിച്ചിട്ടിരിക്കുന്നത്. മൃതദേഹ ഭാഗം ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. ഇതുപോലെ തന്നെ ശരീരഭാഗങ്ങൾ മറ്റിടങ്ങളിലും കുഴിച്ചിട്ടിട്ടുണ്ടോയെന്നും പോലും പരിശോധിക്കുന്നുണ്ട്.
ദുർമന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടിയെന്നു സൂചന. തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടിയാണ് പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് കാലടിയിൽനിന്നും കടവന്ത്രയിൽനിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയതെന്നാണ് വിവരം. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് പിടിയിലായത്.
കുറച്ച് നാൾ മുൻപ് കടവന്ത്രയിൽ നിന്ന് ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ കാണാതായിരുന്നു. കഴിഞ്ഞ മാസം 26-ാം തിയതിയാണ് പത്മയെ കാണാതാകുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്. പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയിൽ എത്തിച്ചത്. പിന്നീടാണ് സമാന രീതിയിൽ കാലടിയിൽ നിന്ന് മറ്റൊരു യുവതിയേയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത്. ജൂൺ മാസമാണ് കാലടി സ്വദേശിനിയായ റോസ്‌ലി കാണാതാകുന്നത്.
READMORE : നിർണായക ഏകദിനത്തിൽ ഇന്ത്യയ്ക്ക് ടോസ്; ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും