Kerala News latest news

പ്രക്ഷോഭത്തിൽ നിന്നും മെഡിക്കൽ പിജി വിദ്യാർത്ഥികൾ പിന്മാറിയേക്കും.

ഇനിയൊരു വന്ദന ആവര്‍ത്തിക്കരുത്; കുടുംബത്തിനു മതിയായ നഷ്ടപരിഹാരവും വേണം;

സുരക്ഷ, ജോലിഭാരം സര്‍ക്കാരില്‍ നിന്നും ഉറപ്പ് കിട്ടി; ശക്തമായ നടപടിയെന്ന് അറിയിപ്പും;

പ്രക്ഷോഭത്തില്‍ നിന്നും പിജി വിദ്യാര്‍ഥികള്‍ പിന്മാറിയേക്കും

തങ്ങളിലൊരാള്‍ സര്‍ക്കാരിന്‍റെ അനാസ്ഥകൊണ്ട് കുരുതി കൊടുക്കപ്പെട്ട ഞെട്ടലിലാണ് പിജി ഡോക്ടര്‍മാര്‍. തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇനിയൊരിക്കലും അതിനു കഴിയില്ലെന്ന കണക്കുകൂട്ടലാണ് ഇവര്‍.

ഡോക്ടര്‍ വന്ദനയുടെ ഞെട്ടിപ്പിക്കുന്ന കൊലപാതകത്തെ തുടര്‍ന്ന് പ്രക്ഷോഭ രംഗത്തുള്ള  കേരള മെഡിക്കല്‍ പിജി അസോസിയേഷനും കേരള ഹൗസ് സര്‍ജന്‍സ് അസോസിയേഷനും സമരത്തില്‍ നിന്നും പിന്മാറിയേക്കും. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന സര്‍ക്കാര്‍ ഉറപ്പിന്റെ പശ്ചാത്തലത്തിലാണിത്. ആരോഗ്യമന്ത്രി വീണ ജോര്‍ജുമായാണ് പിജി വിദ്യാര്‍ഥികള്‍ രാവിലെ ചര്‍ച്ച നടത്തിയത്.  സെക്രട്ടറിയേറ്റിനു മുന്നിലുള്ള പ്രതിഷേധം ഡോക്ടര്‍മാര്‍ പിന്‍വലിച്ചേക്കും. കാലാകാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയേക്കും എന്ന സൂചനയാണ് പുറത്ത് വരുന്നത്.  

ഡോക്ടര്‍ വന്ദനയുടെ ദാരുണ കൊലപാതകത്തിനും വഴിവെച്ചത്  തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പിലാക്കാതിരുന്നത് കാരണമാണ്.  അതുകൊണ്ട് തന്നെ കെജിഎംഒയും ഐഎംഎയും ഒപ്പമില്ലെങ്കിലും സമരം തുടരുമെന്ന നിലപാടിലായിരുന്നു മെഡിക്കല്‍ വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്മാരും. 

തങ്ങളിലൊരാള്‍ സര്‍ക്കാരിന്‍റെ അനാസ്ഥകൊണ്ട് കുരുതി കൊടുക്കപ്പെട്ട ഞെട്ടലിലാണ് ഇവര്‍. വര്‍ഷങ്ങളായി തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഇക്കുറിയെങ്കിലും സര്‍ക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇനിയൊരിക്കലും  അതിനു കഴിയില്ലെന്ന കണക്കുകൂട്ടലാണ് സമരരംഗത്തുള്ള ഡോക്ടര്‍മാര്‍ക്കുള്ളത്.   ആവശ്യങ്ങളുടെ പേരില്‍ സര്‍ക്കാരിന്റെ ഒരുറപ്പ് ലഭിക്കണം. ക്രിയാത്മകമായ നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വരണം. ഇനിയൊരു വന്ദന ആവര്‍ത്തിക്കരുത്. ഇതാണ് പിജി ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന ആവശ്യം. 

കാഷ്വാലിറ്റിയില്‍ എങ്ങനെ ജോലി ചെയ്യും എന്ന ചോദ്യമാണ് ഹൗസ് സര്‍ജന്മാര്‍ ഉയര്‍ത്തുന്നത്. കൊട്ടാരക്ക താലൂക്ക് ആശുപത്രിയില്‍ വന്ദന കൊല്ലപ്പെട്ടത് കാഷ്വാലിറ്റിയിലാണ്. ഏറ്റവുമധികം സുരക്ഷ ആവശ്യമുള്ള കാഷ്വാലിറ്റിയില്‍ ഇതാണ് അവസ്ഥയെങ്കില്‍ എങ്ങനെ ജോലിക്ക് കയറുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. 

ഐഎംഎയും കെജിഎംഒഎയും പിന്മാറിയാലും പിജി ഡോക്ടര്‍മാര്‍ക്കും എംബിബിഎസ് ഡോക്ടര്‍മാര്‍ക്കും പിന്മാറാന്‍ കഴിയില്ല. ഞങ്ങളുടെ ഒരാളാണ്  നഷ്ടമായത്.  ഞങ്ങള്‍  സമരത്തില്‍ നിന്നും പിന്മാറിക്കഴിഞ്ഞാല്‍  വന്ദനയ്ക്ക് നീതി ലഭിക്കാത്ത പ്രശ്നം വരും. ഞങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തമാണ് വന്ദനയുടെ കൂടെ നില്‍ക്കുക. കെജിഎംഒഎയും ഐഎംഎയും കൂടെയുണ്ടാകും എന്ന് കരുതിയില്ല ഞങ്ങള്‍ സമരം തുടങ്ങിയത്’- കേരള മെഡിക്കല്‍ പിജി അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ഡോക്ടര്‍ അനന്തപത്മനാഭന്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.വന്ദനയുടെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം നല്‍കണം. കുറ്റവാളിയ്ക്ക് ഏറ്റവും കൂടുതല്‍ ശിക്ഷ തന്നെ ലഭിക്കണം. ഈ കേസില്‍ പോലീസുകാരും ശിക്ഷിക്കപ്പെടണം-അനന്തപത്മനാഭന്‍ പറയുന്നു. 

വന്ദനയുടെ കുടുംബത്തിനു നഷ്ടപരിഹാരം സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇവരുടെ  ആദ്യ ആവശ്യം അതായിരുന്നു. ഇന്നലത്തെ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഈ ആവശ്യം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.  ആശുപത്രിയില്‍ സെക്യൂരിറ്റി കൂട്ടണം എന്നതാണ്  മറ്റൊരു ആവശ്യം. അതിലും ഒരു അനുകൂലനീക്കം വന്നിട്ടില്ല. ഡ്യൂട്ടി സമയം വളരെ കൂടുതലാണ്. നൈറ്റ് ഡ്യൂട്ടി എടുക്കുമ്പോള്‍ പലപ്പോഴും  ഹൗസ് സര്‍ജന്മാര്‍ ഒറ്റയ്ക്കാവുന്ന അവസ്ഥ വരുന്നു.  അമിത ജോലിഭാരമാണ്  അടിച്ചേല്‍പ്പിക്കുന്നത്. ആഴ്ചയില്‍ ഒരു അവധി എന്നൊന്നുമില്ല. ഒരു വീക്ക്‌ലി ഓഫ് മറ്റുള്ളവര്‍ക്ക് എന്നതുപോലെ ഏവര്‍ക്കും വേണം.  ജോലി സമയം കുറയ്ക്കണം. ഇതൊക്കെ മുന്‍പ് തന്നെ ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന ആവശ്യമാണ്‌.

ഡോക്ടര്‍മാരുടെ ഷോര്‍ട്ടേജ് ഉള്ളതുകൊണ്ടാണ് ഹൗസ് സര്‍ജന്മാര്‍ക്ക് അമിത ഡ്യൂട്ടി എടുക്കേണ്ടി വരുന്നത്.  നോണ്‍ അക്കാദമിക് ജെആര്‍, എംബിബിഎസ് കഴിഞ്ഞവരെ ജൂനിയര്‍ ഡോക്ടര്‍മാരുടെ പോസ്റ്റുകളിലേക്ക് നിയോഗിച്ചാല്‍ ഈ പ്രശ്നം കഴിയും. ഡ്യൂട്ടി സമയം കുറയും. പക്ഷെ ഇതിനൊന്നും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നതാണ് ആശുപത്രികളിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍. ഇതുവരെ നടപടി വന്നിട്ടില്ല.  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാര്‍ഥിനിയെയാണ് ഈയിടെ ഒരു രോഗിയുടെ കൂട്ടിരിപ്പുക്കാരന്‍ അടിവയറ്റില്‍ ആഞ്ഞു ചവിട്ടിയത്. ഇതും സമരത്തിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.  ഒരു വനിതാ ഡോക്ടര്‍ക്കാണ് ഇത് സംഭവിച്ചത്. അന്നും ഇവര്‍  സമരം നടത്തി സര്‍ക്കാരിനെ കാര്യങ്ങള്‍ അറിയിച്ചതാണ്.  

 മെഡിക്കല്‍ കോളേജുകളില്‍ പോലും സുരക്ഷയില്ല. താലൂക്ക് ആശുപത്രിയുടെ അവസ്ഥ  എന്താവും?  താലൂക്ക് ആശുപത്രിയില്‍ നിന്നാണ് വന്ദനയുടെ ജീവന്‍ നഷ്ടമായതും. പല വനിതകളെയും ഒട്ടും സുരക്ഷയില്ലാത്ത ഇടങ്ങളില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. എന്തും സംഭവിക്കാം എന്നതാണ് അവസ്ഥ. ഡോക്ടര്‍മാരുടെ അടുത്തായി തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണണം എന്ന് ഇവര്‍  ആവശ്യപ്പെട്ടതാണ്. സമരത്തിനു കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത് ഈ വസ്തുതകളാണ്. 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയെ തൊഴിച്ച് വന്ദനയെ രക്ഷിക്കാന്‍ ശ്രമിച്ചത് മറ്റൊരു ഹൗസ് സര്‍ജനാണ്. സെക്യൂരിറ്റിയല്ല. വന്ദന ആക്രമിക്കപ്പെടുമ്പോള്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ എവിടെയായിരുന്നു എന്നതും ചോദ്യചിഹ്നമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.  

ഒരു സുരക്ഷയുമില്ലാതെയാണ് ഹൗസ് സര്‍ജന്മാരെ ഡ്യൂട്ടിക്കിടുന്നത്.  അതും നൈറ്റ് ഡ്യൂട്ടിയും. വന്ദന ആക്രമിക്കപ്പെട്ടപ്പോള്‍ പോലീസുകാരും സെക്യൂരിറ്റിക്കാരും റൂമില്‍ കയറി ഒളിച്ചു. മുറിയില്‍ ഒറ്റയ്ക്കായ ഡോക്ടര്‍ വന്ദന കൊലക്കത്തിയ്ക്ക് ഇരയാവുകയും ചെയ്തു. വന്ദനയുടെ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ എന്ത് ശ്രമമാണ് ആ സമയത്ത് നടത്തിയത്? അത്യാവശ്യ ഘട്ടത്തില്‍ ലഭിക്കേണ്ട ഒരു പരിചരണവും വന്ദനയ്ക്ക് ലഭിച്ചില്ല. നെഞ്ചത്ത് കുത്തേറ്റ് ന്യൂമോ തെറാക്സ് എന്ന അവസ്ഥ വന്ദനയ്ക്ക് വന്നു. ശ്വാസകോശത്തില്‍  നീർക്കെട്ട് വന്നു. അപ്പോള്‍ ട്യൂബ് ഇടേണ്ടിയിരുന്നു. അതൊന്നും ചെയ്യാതെ റെഫര്‍ ചെയ്യുകയാണ് ചെയ്തത്. ഇതൊക്കെ കൊണ്ട് തന്നെ വന്ദനയുടെ ജീവന്‍ പൊലിയുകയും ചെയ്തു. ഇനിയൊരു വന്ദന ആവര്‍ത്തിക്കരുത്-ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.

 READ MORE FACEBOOK

Related posts

വനിത ജീവനക്കാരോട് മോശം പെരുമാറ്റം ; വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ

Akhil

വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി; നടന്‍ വിജയകുമാറിനെതിരെ മകള്‍

Akhil

കുറ്റിച്ചിറയിൽ വീട്ടിലെ ബാർ അടപ്പിച്ചു; വീട്ടമ്മ അറസ്റ്റിൽ

Gayathry Gireesan

Leave a Comment