നോര്‍ത്ത് പറവൂര്‍ വഴി പോകുന്ന യാത്രക്കാര്‍ ഇപ്പോള്‍ കെഎംകെ ജംഗ്ഷനില്‍ വച്ച് വണ്ടി സ്ലോ ചെയ്യുന്നത് ഒരു കൗതുകം കൊണ്ട് കൂടിയാണ്. ഈ അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ താരമായ കാക്കിയിട്ട മൈക്കിള്‍ ജാക്‌സനുള്ളത് ഈ ജംഗ്ഷനിലാണ്. മൈക്കിള്‍ ജാക്‌സന്റെ എനര്‍ജിയോടെ ഡാന്‍സ് കളിച്ച് ഗതാഗതം നിയന്ത്രിക്കുന്ന എം ജെ തോമസെന്ന പൊലീസുകാരനെ ജംഗ്ഷനില്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് പലരും വണ്ടി സ്ലോ ചെയ്യുന്നത്. കാക്കി കുപ്പായമിട്ട് ചുവടുവയ്ക്കുന്ന ഉദ്യോഗസ്ഥനെ കാണാന്‍ കഴിഞ്ഞവരെല്ലാം ഫോട്ടോയെടുത്തും വിഡിയോ പകര്‍ത്തിയും സന്തോഷവും ആവേശവും പ്രകടിപ്പിക്കുന്നത് ഇപ്പോള്‍ കെഎംകെ ജംഗ്ഷനിലെ പതിവുകാഴ്ചയാണ്. (viral dance of mj thomas a policeman at north paravur junction)
എല്ലാ സമയത്തും വാഹനങ്ങളുടെ തിരക്കുള്ള കെഎംകെ ജംഗ്ഷന്റെ X ആകൃതി പലപ്പോഴും ഗതാഗത നിയന്ത്രണം ബുദ്ധിമുട്ടാകാറുണ്ടായിരുന്നു. ഈ തലവേദനയെ ചടുലമായ നൃത്തച്ചുവടുകളോടെ ലൈറ്റ് ആക്കി മാറ്റിയാണ് എം ജെ തോമസ് സോഷ്യല്‍ മീഡിയയില്‍ താരമായത്. ഗതാഗത നിയന്ത്രണത്തിനായി തിരക്കുകള്‍ക്കനുസരിച്ച് ഒരു താളം കണ്ടെത്തി ചുവടുവച്ച് ഇദ്ദേഹം ഗതാഗത നിയന്ത്രണം നടത്തുന്ന കാഴ്ച അതുവഴി കടന്നുപോകുന്ന ചില യാത്രക്കാര്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കാക്കിയണിഞ്ഞ മൈക്കിള്‍ ജാക്‌സനെ കേരളമൊന്നാകെ ഏറ്റെടുക്കുകയായിരുന്നു.
Read also: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ ഇൻസ്ട്രക്ടർ ഈ ഇന്ത്യൻ ബാലൻ
20 വര്‍ഷത്തോളം ബിഎസ്എഫില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് എംജെ തോമസ് ഹോം ഗാര്‍ഡാകുന്നത്. 12 വര്‍ഷക്കാലമായി തോമസ് ഇതേജോലി തന്നെ ചെയ്യുന്നു. ഓരോ ദിവസവും നിരവധി പേരാണ് ഇപ്പോള്‍ 51-കാരനായ തോമസിനെ കാണാന്‍ നോര്‍ത്ത പറവൂരിലെത്തുന്നത്.