
കണ്ണൂർ: പെരളശ്ശേരിയിൽ എട്ടാംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരേ പോലീസ് കേസെടുത്തു. പെരളശ്ശേരി എ.കെ.ജി. ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി റിയ പ്രവീണിന്റെ മരണത്തിലാണ് ക്ലാസ് അധ്യാപിക സോജ, കായികാധ്യാപകൻ രാഗേഷ് എന്നിവർക്കെതിരേ പോലീസ് കേസെടുത്തത്. ആത്മഹത്യാപ്രേരണാക്കുറ്റമാണ് രണ്ടുപേർക്കും എതിരേ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പെൺകുട്ടിയെ വീട്ടിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത്. വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു.
സ്കൂളിലെ അധ്യാപകർക്കെതിരെയാണ് കുറിപ്പിൽ പരാമർശമുണ്ടായിരുന്നത്. റിയ ഉൾപ്പെടെയുള്ള കുട്ടികൾ കൈയിൽ മഷി പുരട്ടി ബെഞ്ചിലും ഭിത്തിയിലും
പതിപ്പിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചിരുന്നതായും ഇതിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കിയതെന്നുമാണ് ആരോപണം.