ബെംഗളൂരു: നഗരത്തില്‍ പട്ടാപ്പകല്‍ അധ്യാപികയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. ബെംഗളൂരു ശാന്തിനഗറിന് സമീപം നഞ്ചപ്പ സർക്കിളിൽ വാടകവീട്ടിൽ താമസിക്കുന്ന കൗസർ മുബീന(34)യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് 3.30-ഓടെയായിരുന്നു സംഭവം. അക്രമിയെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു.
വിവാഹമോചിതയായ മുബീന ലാൽബാഗിന് സമീപത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയാണ്. ഏഴാംക്ലാസ് വിദ്യാർഥിനിയായ മകൾക്കൊപ്പമാണ് ഇവർ നഞ്ചപ്പ സർക്കിളിലെ വീട്ടിൽ താമസിച്ചിരുന്നത്. സംഭവസമയം മകൾ സ്കൂളിലായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് 3.30-ഓടെ വീട്ടിൽനിന്ന് നിലവിളി കേട്ടെത്തിയ
അയൽക്കാരാണ് മുബീനയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ മൂന്നുതവണ കുത്തേറ്റ മുബീനയെ വീട്ടിലെ പ്രധാനവാതിലിന് സമീപം ചോരയിൽ കുളിച്ചനിലയിലാണ് കണ്ടെത്തിയത്. നിലവിളി കേട്ട് വരുന്നതിനിടെ മുബീനയുടെ വീട്ടിൽനിന്ന് ഒരാൾ ഓടിപ്പോകുന്നത് കണ്ടതായി അയൽക്കാരിൽ ചിലർ മൊഴി നൽകിയിട്ടുണ്ട്.