നടനും സംവിധായകനുമായ ബേസിൽ ജോസഫിനും പെൺകുഞ്ഞ് പിറന്നു. ഹോപ്പ് എലിസബത്ത് ബേസിൽ എന്നാണ് മകളുടെ പേര്. ഇൻസ്റ്റാഗ്രാമിലൂടെ ബേസിൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കുഞ്ഞിനും എലിസബത്തിനുമൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു.
ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ഐശ്വര്യലക്ഷ്മി, വിനീത് ശ്രീനിവാസൻ, ആന്റണി വർഗീസ്, സിതാര കൃഷ്ണകുമാർ, രജിഷ വിജയൻ, അർജുൻ അശോകൻ, അന്ന ബെൻ, ഐമ റോസ്മി, അപർണ ദാസ്, വിജയ് ബാബു തുടങ്ങി താരങ്ങളും ആരാധകരുമടക്കം നിരവധിയാളുകളാണ് ബേസിലിന് ആശംസകളുമായി എത്തിയത്.
2017-ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. കോട്ടയം തോട്ടയ്ക്കാട് സാം സി. ജോണിന്റെയും സാറാമ്മയുടെയും മകളാണ് എലിസബത്ത്. ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അധ്യാപിക തങ്കമ്മയുടെയും രണ്ട് മക്കളിൽ ഇളയവനാണ് ബേസിൽ. കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ബേസിൽ പിന്നീട് നടനായും പ്രശസ്തിനേടി. വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പല നടയിൽ ആണ് ബേസിൽ നായകനായി വരാനിരിക്കുന്ന ചിത്രം.