നിയമം ലംഘിച്ച് പത്തനംതിട്ട റാന്നിയിൽ നിന്ന് കുട്ടികളുമായി ടൂർ പോയ ടൂറിസ്റ്റ് ബസ് ആർടിഒ സ്‌ക്വാഡ് പിടികൂടി. ഇന്ന് രാവിലെ അടൂർ ബൈപ്പാസിൽ നടത്തിയ പരിശോധനയിലാണ് 42 കുട്ടികളുമായി പോയ ബസ് പിടികൂടിയത്. കോഴിക്കോട് കുന്നമംഗലത്തും , വേങ്ങേരിയിലും ആർടിഒയുടെ നേതൃത്വത്തിൽ പരിശോധന നടന്നു.
വടക്കഞ്ചേരി അപകടത്തിന് പിന്നാലെയാണ് ഇന്ന് രാവിലെ അടൂർ ബൈപ്പാസിൽ എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടെ സ്‌ക്വാഡ് നടത്തിയ പരിശോധനയ്ക്കിടെ കുട്ടികളുമായി വന്ന ടൂറിസ്റ്റ് ബസ് പിടികൂടിയത്. റാന്നിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ടൂർ പോയ ബസ്സാണ് പിടിച്ചത്.
ബസ്സിൽ അനധികൃതമായി ലൈറ്റുകളും ഫോഗ് മെഷീനും അടക്കം സ്ഥാപിച്ചത് കണ്ടെത്തി.ചട്ടവിരുദ്ധമായി സ്ഥാപിച്ച എല്ലാ ഫിറ്റിങ്ങുകളും നീക്കംചെയ്ത് വാഹനം ഹാജരാക്കാൻ ആർടിഒ നോട്ടീസ് നൽകി. പരിശോധനയ്ക്കുശേഷം വാഹനത്തിന് പിഴ ഈടാക്കുന്നതിൽ ആർടിഒ തീരുമാനമെടുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.