ഖത്തറിലെ ഫൈനൽ തന്റെ അവസാന ലോകകപ്പ് മൽസരമായിരിക്കുമെന്ന് ലയണൽ മെസി. ഫൈനൽ കളിച്ച് ഈ യാത്ര അവസാനിപ്പിക്കുന്നതിൽ സന്തോഷമെന്നും വിജയത്തിനായി കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആദ്യ മത്സരത്തിൽ സൗദിയോട് പരാജയപ്പെട്ടത് തിരിച്ചടിയായി. പക്ഷെ എത്രത്തോളം കരുത്തരാണ് അർജന്റീനയെന്ന് തെളിയിച്ചെന്ന് ലയണൽ മെസി പറഞ്ഞു.
ഇന്നലെ ഒരിക്കൽ കൂടി ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി അർജന്റീനയെ ലോകകപ്പ് ഫൈനലിൽ എത്തിച്ചു. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് മെസ്സിപ്പട പരാജയപ്പെടുത്തി. 2014ന് ശേഷം ആദ്യമായാണ് അർജന്റീന ലോകകപ്പ് ഫൈനലിൽ എത്തുന്നത്,11 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിൽ അർജന്റീനയുടെ ഏറ്റവും ഉയർന്ന ഗോൾ സ്‌കോററായി മാറിയിരിക്കുകയാണ് മെസ്സി. ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ 10 ഗോളുകളുടെ റെക്കോർഡാണ് അദ്ദേഹം തകർത്തത്. കൂടാതെ ഈ ലോകകപ്പിൽ മെസ്സി നേടുന്ന അഞ്ചാം ഗോൾകൂടിയാണിത്. ഖത്തറിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഫ്രാൻസിന്റെ എംബാപ്പെയ്ക്കൊപ്പവും മെസ്സിയെത്തി.ഡിസംബർ 18ന് നടക്കുന്ന ഫൈനലിൽ ഫ്രാൻസ്-മൊറോക്കോ മൽസരത്തിലെ വിജയികളെയാവും മെസിയും സംഘവും നേരിടുക.