‘രാജ്യത്തെ ഏറ്റവും വേഗതയേറിയ കുട്ടി’യായി അമേരിക്കയിലെ ഡക്കോട്ട വൈറ്റിന്റെ റെക്കോര്‍ഡ്. അമേച്വര്‍ അത്‌ലറ്റിക് യൂണിയന്‍ ജൂനിയര്‍ ഒളിമ്പിക്‌സില്‍ കിരീടം നേടിയാണ് ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഏഴ് വയസുകാരി ഡക്കോട്ടയുടെ വിജയം.
59.08 സെക്കന്‍ഡില്‍ ഓടിയാണ് ഡക്കോട്ട തന്റെ പേരില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇതോടെ അമേരിക്കയിലെ ഏറ്റവും വേഗതയുള്ള കുട്ടിയായി മാറിയിരിക്കുകയാണ് ടെക്‌സാസിലെ ഡാളസില്‍ നിന്നുള്ള ഈ ആഫ്രോ അമേരിക്കന്‍ പെണ്‍കുട്ടി.
READ ALSO:-ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ രണ്ടിലൊരാള്‍ സൈബര്‍ ആക്രമണം നേരിടുന്നു; പഠനം
എങ്ങനെയാണ് ഈ വിജയമെന്ന ചോദ്യത്തിന് താന്‍ വളരെ കഠിനമായി പരിശ്രമിക്കുന്നു എന്നായിരുന്നു ഡെക്കോട്ടയുടെ മറുപടിയെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്നെ കുറിച്ച് സ്വയം അഭിമാനിക്കുന്നുണ്ടെന്നും കായികത്തില്‍ ഭാവി സ്വപ്‌നം കാണുന്നുണ്ടെന്നും പറഞ്ഞ ഡക്കോട്ട ഒരു ദിവസം ഒളിമ്പിക്‌സില്‍ ഓടണം, ഷാകാരിയെപ്പോലെ എന്നതാണ് തന്റെ സ്വപ്‌നമെന്നും പറഞ്ഞു. ഷാകാരിയുടെ ചിത്രത്തിനൊപ്പമാണ് കിട്ടിയ മെഡലുകളെല്ലാം സൂക്ഷിച്ചിരിക്കുന്നതെന്നും അവള്‍ പറഞ്ഞു.