സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍
World News

യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈനയില്‍; വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈനയില്‍. ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാംഗുമായി ആന്റണി ബ്ലിങ്കന്‍ കൂടിക്കാഴ്ച്ച നടത്തി. മാസങ്ങളായി നിലനില്‍ക്കുന്ന യുഎസ്-ചൈന ബന്ധത്തിലെ പിരിമുറുക്കങ്ങള്‍ ഇല്ലാതാക്കാനുളള നീക്കത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച്ചയെന്നാണ് വിലയിരുത്തുന്നത്. ബ്ലിങ്കനും ക്വിനും ഞായറാഴ്ച ഉച്ചതിരിഞ്ഞ് ദിയാവുതൈ സ്റ്റേറ്റ് ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഹസ്തദാനം നല്‍കി. 

ക്വിന്‍ ഗാംഗുമായുള്ള ചര്‍ച്ചയില്‍, തെറ്റിദ്ധാരണയുടെയും തെറ്റായ കണക്കുകൂട്ടലിന്റെയും അപകടസാധ്യത കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആന്റണി ബ്ലിങ്കെന്‍ ഊന്നിപ്പറഞ്ഞതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.

തായ്‌വാന്‍ പ്രശ്നം ചൈനയുടെ പ്രധാന താല്‍പ്പര്യമാണെന്നും, ചൈന-യുഎസ് ബന്ധങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണെന്നും അതുപോലെ തന്നെ ഏറ്റവും വലിയ അപകടസാധ്യതയാണെന്നും ക്വിന്‍ ഗാംഗ് യുഎസ് നയതന്ത്രജ്ഞനോട് ചൂണ്ടിക്കാട്ടിയതായി ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങളും സംഘര്‍ഷങ്ങള്‍ കുറയ്ക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി ഒരു മുതിര്‍ന്ന സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ യുഎസും ചൈനയും തമ്മിലുള്ള വലിയ വ്യത്യാസങ്ങള്‍ കൂടിക്കാഴ്ചയില്‍ വ്യക്തമായിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥന്‍ സിഎന്‍എന്നിനോട് പറഞ്ഞു. സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ ഇന്ന് ബ്ലിങ്കെന്‍, ചൈനയുടെ ഉന്നത നയതന്ത്രജ്ഞനെയും പ്രസിഡന്റിനെയും കണ്ടേക്കും.  

അഞ്ച് വര്‍ഷത്തിനിടെ ചൈനയിലേക്ക് പോകുന്ന ആദ്യത്തെ സ്റ്റേറ്റ് സെക്രട്ടറിയും 2021 ല്‍ ജോ ബൈഡന്‍ പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം ഇത്തരമൊരു ദൗത്യം നടത്തുന്ന ഏറ്റവും മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥനുമാണ് ആന്റണി ബ്ലിങ്കെന്‍. വാഷിംഗ്ടണ്‍ സന്ദര്‍ശിക്കാന്‍ ബ്ലിങ്കെന്‍ ക്വിനിനെ ക്ഷണിക്കുകയും ക്ഷണം സ്വീകരിക്കുകയും ചെയ്തതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാറ്റ് മില്ലര്‍ പറഞ്ഞു.

ഫെബ്രുവരിയിലാണ് ബ്ലിങ്കന്റെ ചൈനീസ് യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചൈനയുടെ ചാര ബലൂണ്‍ യുഎസിലേക്ക് കടന്നതിനെ തുടര്‍ന്ന് ബ്ലിങ്കന്റെ യാത്ര മാറ്റിവെക്കുകയായിരുന്നു. ചാര ബലൂണ്‍ അമേരിക്ക വെടിവെച്ചിട്ടതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഉയര്‍ന്നിരുന്നു. ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന തായ്‌വാന്‍ എന്ന സ്വയം ഭരണ ദ്വീപിന്റെ പേരിലും ഇരു രാജ്യങ്ങളും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ട്. ഇന്ന് ചൈനയുടെ ഉന്നത നയതന്ത്രജ്ഞന്‍ വാങ് യിയുമായി ബ്ലിങ്കെന്‍ കൂടിക്കാഴ്ച നടത്തും. എന്നാല്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. ഈ കൂടിക്കാഴ്ച്ച നടക്കുമോ എന്നതാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്. 

Related posts

മെസ്സിയുടെ 30 അടി കട്ടൗട്ടിന് മറുപടി നെയ്മറിന്റെ 40 അടി; അര്‍ജന്റീന-ബ്രസീല്‍ പോരാട്ടത്തിൽ ഒരു ഗ്രാമം

Editor

സിക്കിമിൽ മിന്നൽ പ്രളയം; 23 സൈനികരെ കാണാതായി, തെരച്ചിൽ

Akhil

പാഴാക്കാതിരിക്കാം ഓരോ തുള്ളിയും; ഇന്ന് ലോക ജലദിനം

Sree

Leave a Comment