ഐക്യരാഷ്ട്ര സഭയുടെ തീരുമാന പ്രകാരം 1993 മാര്‍ച്ച് 22 മുതലാണ് ലോക ജല ദിനം ആചരിച്ച് വരുന്നത്.
എല്ലാ വര്‍ഷവും മാര്‍ച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.
ഇന്ന് മാർച്ച് 22, ലോക ജലദിനം. ഒരോ തുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ജല സംരക്ഷണം ലക്ഷ്യം വെച്ച് ഓരോ വർഷവും ഓരോ സന്ദേശമാണ് നൽകാറുള്ളത്. ഭൂഗർഭജല സംരക്ഷണമാണ് ഈ വർഷത്തെ ജലദിന സന്ദേശം.
ജലം (Water) ഭൂമിയിലെ അവശ്യ ഘടകങ്ങളിലൊന്നാണ്. ജീവന്‍ നിലനിര്‍ത്താന്‍ ജലം അത്യന്താപേക്ഷിതമാണ്. ജലത്തിന്റെ അഭാവത്തിൽ ഭൂമിയിലെ ജീവജാലങ്ങൾക്കൊന്നും നിലനിൽപ്പ് സാധ്യമല്ല. അതുകൊണ്ടുതന്നെ, ‘ജലം ജീവനാണ്’ എന്ന പഴമൊഴി വലിയ അര്‍ത്ഥവ്യാപ്തിയുള്ളതാണ്. വര്‍ദ്ധിച്ചുവരുന്ന വ്യാവസായികവല്‍ക്കരണം (Industrialisation), അമിതമായ ദുരുപയോഗം (Over Use), പ്രകൃതിദത്ത സ്രോതസ്സുകളുടെ ചൂഷണം എന്നിവ മൂലം മാനവരാശി രൂക്ഷമായ ജലക്ഷാമത്തെ (Water Shortage) അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്.
ലോക ജലദിനം: പ്രാധാന്യം
ഭൂമിയിലെ ദ്രാവക ശുദ്ധജലത്തിന്റെ ഏകദേശം 99% ഭൂഗര്‍ഭജലത്തില്‍ നിന്നാണ് ലഭ്യമാവുന്നത്. എന്നാല്‍ മനുഷ്യരുടെ ഇടപെടലുകള്‍ കാരണം ഭൂമിയില്‍ ഇപ്പോള്‍ ജലക്ഷാമവും മലിനീകരണവും രൂക്ഷമാണ്. ഇത് കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. അതിനാല്‍, വര്‍ദ്ധിച്ചുവരുന്ന ജല ദൗര്‍ലഭ്യത്തിന്റെ പശ്ചാത്തലത്തില്‍, ആഗോള ജനസംഖ്യയുടെ പതിവ് ഗാര്‍ഹിക ആവശ്യങ്ങൾക്ക് വലിയ സംഭാവന നല്‍കുന്ന സമ്പന്നമായ ഭൂഗര്‍ഭജലത്തെ ഇനി അവഗണിക്കാനാവില്ല.
ഇക്കാരണത്താല്‍, ലോകമെമ്പാടുമുള്ള ജനങ്ങളെ ജലസംരക്ഷണത്തിന് മുന്നിട്ടിറങ്ങാൻ പ്രോത്സാഹിപ്പിക്കുന്നതിനും ഗുരുതരമായ ജലപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുമുള്ളപ്രവർത്തനങ്ങൾ യുഎന്‍ ഏജന്‍സികള്‍ ഏറ്റെടുത്ത് നടത്തുന്നു. യുണൈറ്റഡ് നേഷന്‍സ് വെബ്സൈറ്റ് പ്രകാരം ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം ‘സുസ്ഥിര വികസന ലക്ഷ്യം (എസ്ഡിജി) 6: 2030ഓടെ എല്ലാവര്‍ക്കും ജലത്തിന്റെ ലഭ്യതയും ശുചിത്വവും ഉറപ്പുവരുത്താൻ പിന്തുണ നല്‍കുക’ എന്നതാണ്.