ശ്രദ്ധ വധക്കേസിന്റെ അന്വേഷണം ഡൽഹി പൊലീസിൽ നിന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഉദ്യോഗസ്ഥരുടെയും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫിന്റെയും കുറവ് മൂലം പൊലീസിന് അന്വേഷണം കാര്യക്ഷമമായി നടത്താൻ കഴിയുന്നില്ലെന്ന് ഹർജിയിൽ പറയുന്നു.
തെളിവുകളും സാക്ഷികളും കണ്ടെത്തുന്നതിന് ആവശ്യമായ സാങ്കേതികവും ശാസ്ത്രീയവുമായ ഉപകരണങ്ങളുടെ അഭാവവും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഒരു അഭിഭാഷകനാണ് പൊതുതാൽപ്പര്യ ഹർജി സമ്മർപ്പിച്ചത്. മെയ് 18 നാണ് 26 കാരിയായ ശ്രദ്ധയെ കാമുകൻ അഫ്താബ് (28) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതശരീരം കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുകയും പിന്നീട് പലയിടത്തായി വലിച്ചെറിയുകയും ചെയ്തത്.
വിവിധ ഭാഗങ്ങളിലായി നടത്തിയ തെരച്ചിലില്‍ 13 ശരീരഭാഗങ്ങളാണ് ഇതുവരെ പൊലീസ് കണ്ടെടുത്തത്. എന്നിരുന്നാലും, വസ്തുതാപരമായ തെളിവുകൾ വീണ്ടെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ പാടുപെടുകയാണ്. ശ്രദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന തെളിവുകൾ കണ്ടെത്തുന്നതിനായി ഡൽഹി പൊലീസിന്റെ മെഹ്‌റൗളി വനത്തിലെ തെരച്ചിൽ തുടരുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും അന്വേഷണ സംഘത്തെ അയച്ചിട്ടുണ്ട്.
READMORE : പാസ്പോര്‍ട്ട് അപേക്ഷകളിലെ പരിശോധനാമികവ്, കേരള പൊലീസിന് അംഗീകാരം