നടൻ വിജയുടെ 48ആം പിറന്നാളാണ് ഇന്ന്. സമൂഹമാധ്യമങ്ങളിലൂടെ പലരും പല തരത്തിലുള്ള സ്നേഹ സമ്മാനങ്ങളും ജന്മദിനാശംസകളും അർപ്പിക്കുന്നുണ്ട്. കൂട്ടത്തിൽ വളരെ വ്യത്യസ്തമായ ഒരു സമ്മാനമാണ് മലയാളി യുവതിയായ അഭിരാമി രാധാകൃഷ്ണൻ നൽകിയിരിക്കുന്നത്. ‘ടെയിൽ ഓഫ് എ തളപതി ഫാൻ ഗേൾ’ എന്ന പേരിൽ ഒരുക്കിയ ഒരു കോമിക്ക് ബുക്ക് ആണ് അഭിരാമിയുടെ സമ്മാനം. ഈ കോമിക്ക് ബുക്ക് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
“ഗില്ലിയാണ് ആദ്യം കണ്ട സിനിമ. പിന്നീട് ഏറെക്കുറെ എല്ലാ സിനിമകളും കണ്ടു. ഏട്ടനാണ് ഗില്ലി കാണാൻ കൊണ്ടുപോയത്. ഏട്ടൻ കട്ട വിജയ് ഫാനാണ്. അന്ന് ആരാ അണ്ണൻ എന്നൊന്നും അറിയില്ല. ‘ആരാ ഏട്ടാ ഇത്’ എന്ന് ഞാൻ അന്ന് ഏട്ടനോട് ചോദിച്ചു. ഞാൻ കണ്ടുതുടങ്ങിയത് അണ്ണൻ ആക്ഷൻ ഹീറോ ആയിക്കഴിഞ്ഞതിനു ശേഷമാണ്. പിന്നീടാണ് റൊമാൻ്റിക് സിനിമകളൊക്കെ കണ്ടത്. ഖുഷിയൊക്കെ റിപ്പീറ്റ് കാണുന്ന സിനിമകളാണ്. രക്ഷകൻ എന്നൊക്കെ എല്ലാവരും വിളിച്ച് കളിയാക്കുമ്പോഴും ഓരോ സ്റ്റേജിലും അണ്ണൻ കൃത്യമായ ട്രാക്ക് മാറ്റം നടത്തുന്നുണ്ട്. ബാലതാരം സൈഡ് റോളിൽ നിന്ന് പക്ക റൊമാൻ്റിക് ഹീറോ, അവിടെനിന്ന് ആക്ഷൻ ഹീറോ, അവിടെനിന്ന് സൂപ്പർ സ്റ്റാർ. ഇപ്പോ വീണ്ടും കരിയർ പാത്ത് മാറ്റിക്കൊണ്ടിരിക്കുകയാണ്. പുതിയ ആൾക്കാർക്ക് അവസരം നൽകുന്നു. പുള്ളി ഇത് ഇടക്കിടയ്ക്ക് ചെയ്യുന്ന ആളാണ്. അങ്ങനെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്ന നടനല്ല വിജയ് അണ്ണൻ.”- അഭിരാമി പറയുന്നു.
READ ALSO: https://www.e24newskerala.com/world-news/iiit-allahabad-student-pratham-gupta-job-with-google/