വർഷങ്ങൾക്കു മുൻപ് മുംബൈ ഇന്ത്യൻസ് ടീമിൽ കളിച്ചിരുന്ന കാലത്ത് ഏറെ ഭയപ്പെടുത്തിയ ഒരു സംഭവത്തെക്കുറിച്ചു വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് താരം യുസ്‍വേന്ദ്ര ചെഹൽ. അധികമാർക്കും അറിയാത്ത സംഭവമെന്നു പറഞ്ഞുകൊണ്ടാണ് ചെഹൽ വർഷങ്ങള്‍ക്കു മുൻപുള്ള തന്റെ അനുഭവം രാജസ്ഥാൻ റോയൽസ് സഹതാരങ്ങളുമായുള്ള ചർച്ചയിൽ വെളിപ്പെടുത്തിയത്. 2013ൽ മുംബൈ ഇന്ത്യന്‍സ് താരമായിരിക്കെ മദ്യപിച്ചെത്തിയ സഹതാരത്തിന്റെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണു താൻ രക്ഷപെട്ടതെന്ന് ചെഹൽ പറഞ്ഞു.
വളരെയധികം മദ്യപിച്ച ഒരു സഹതാരം എന്നെ വിളിച്ചുകൊണ്ടുപോയി. പുറത്തു ബാൽക്കണിയിൽനിന്ന് തൂക്കിയിട്ടു. ഞാൻ അപ്പോൾ അയാളെ ചുറ്റിപ്പിടിച്ചിരിക്കുകയായിരുന്നു. കെട്ടിടത്തിന്റെ 15–ാം നിലയിലായിരുന്നു ഞങ്ങൾ അപ്പോഴുണ്ടായിരുന്നത്. പെട്ടെന്നു മറ്റുള്ളവർ വന്ന് സാഹചര്യം നിയന്ത്രിച്ചു. ഞാൻ തളർന്നു പോയി. തുടർന്ന് അവർ കുടിക്കാൻ വെള്ളം തന്നു. അപ്പോൾ അവിടെ ചെറിയ രീതിയിലെങ്കിലും പിഴവു വന്നിരുന്നെങ്കില്‍ ഞാൻ താഴെ വീഴുമായിരുന്നു.
2013 സീസണിൽ മാത്രമാണ് ചെഹൽ മുംബൈ ഇന്ത്യൻസിൽ കളിച്ചത്. അതിനു ശേഷമായിരുന്നു റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിലേക്കുള്ള കൂടുമാറ്റം. 2013 സീസണിൽ മുംബൈയ്ക്കായി ഒരു മത്സരം മാത്രമാണു താരം കളിച്ചത്, പക്ഷേ വിക്കറ്റൊന്നും കിട്ടിയില്ല. എട്ട് സീസണുകള്‍ ബാംഗ്ലൂരിൽ കളിച്ചു. 139 വിക്കറ്റുകളാണ് ആര്‍സിബിക്കു വേണ്ടി ചെഹൽ നേടിയത്. ഈ സീസണിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി മൂന്നു മത്സരങ്ങളിൽനിന്ന് ഏഴു വിക്കറ്റുകൾ സ്വന്തമാക്കി.