രാജ്യത്ത് വാക്സിന്‍ വിതരണം 200 കോടി ഡോസ് പിന്നിട്ടു. 18 മാസത്തിനുള്ളിൽ 200 കോടി ഡോസ് വിതരണം ചെയ്ത് രാജ്യത്തിന് റെക്കോർഡ് നേട്ടമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ ട്വിറ്ററിൽ കുറിച്ചു. ഇന്ന് മാത്രം രണ്ട് ലക്ഷത്തിൽ അധികം ഡോസ് വിതരണം ചെയ്തു. കഴിഞ്ഞ വർഷം ജനുവരി 16 നാണ് രാജ്യത്ത് കൊവിഡ് വാക്സിനേഷൻ തുടങ്ങിയത്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കായിരുന്നു വാക്സിനേഷൻ നൽകിയത്. ഇപ്പോൾ 12 വയസിന് മുകളിൽ ഉള്ളവർക്കും നൽകി തുടങ്ങി. കഴിഞ്ഞ ഒക്ടോബറിൽ വാക്സിസിനേഷന്‍ നൂറ് കോടി പിന്നിട്ടിരുന്നു.(two hundred crore vaccine distributed in india)
അതേസമയം രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20528 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൊസിറ്റിവിറ്റി നിരക്കിലും വർധനവുണ്ട്. 5.23 ശതമാനം ആയി പോസിറ്റിവിറ്റി നിരക്ക് ഉയർന്നു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന കേന്ദ്രസർക്കാർ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജൂലൈ 15 മുതൽ 75 ദിവസത്തേക്ക് എല്ലാ മുതിർന്നവർക്കും സൗജന്യ മുൻകരുതൽ വാക്സിൻ ഡോസുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 75 ദിവസത്തെ പ്രത്യേക വാക്സിനേഷൻ ഡ്രൈവ് ജൂലൈ 15 മുതൽ ആരംഭിച്ചിട്ടുണ്ട്.