വിമാനത്തിൽ കുഴഞ്ഞുവീണയാൾക്ക് രക്ഷകയായി നൈറ്റിങ്‌ഗേൽ പുരസ്കാരം ഏറ്റുവാങ്ങാൻ പോയ നേഴ്സ്. ആതുരശുശ്രൂഷാ മികവിനുള്ള ഫ്ലോറൻസ് നൈറ്റിങ്‌ഗേൽ പുരസ്കാരം വാങ്ങാനുള്ള യാത്രയ്ക്കിടെയാണ് കോഴിക്കോട് സിവിൽ സ്റ്റേഷൻ സ്വദേശി പി. ഗീത സഹയാത്രികന് തുണയായത്. വിമാനത്തിലുണ്ടായിരുന്ന സാമൂഹിക സുരക്ഷാ മിഷൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലാണ് ഗീതയെ പറ്റിയും അവിടെ നടന്ന സംഭവത്തെ പറ്റിയും ഫേസ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചത്.
‘ഇന്നലെ രാവിലെ കോഴിക്കോട്ട് നിന്നുള്ള എയർ ഇന്ത്യ വിമാനം പറന്നുയർന്ന് അധികം വൈകാതെയാണ് നിലമ്പൂർ സ്വദേശി സുമൻ അബോധാവസ്ഥയിലായത്. ജമ്മുവിൽ സൈനികനായ സുമൻ ജോലിസ്ഥലത്തേക്കുള്ള യാത്രയിലായിരുന്നുവെന്നാണു വിവരം. വിമാനജീവനക്കാർ സഹായം അഭ്യർഥിച്ചതോടെ ഗീത ഓടിയെത്തി. പരിശോധിക്കുമ്പോൾ ഹൃദയമിടിപ്പില്ലാത്ത അവസ്ഥയിലായിരുന്നു. ഉടൻ ജീവനക്കാരുടെ സഹായത്തോടെ സിപിആർ നൽകി.
ഏതാനും നിമിഷങ്ങൾക്കുള്ളിൽ ശ്വാസം വീണ്ടെടുക്കാനായി. വിമാനത്തിലുണ്ടായിരുന്ന അഞ്ചോളം ഡോക്ടർമാർ പരിശോധിച്ച്, പ്രഥമ ശുശ്രൂഷ നൽകി.എന്നാൽ ബി പി കുറവായി യാത്രക്കാരന് പൂർണശ്രദ്ധ ആവശ്യമായിരുന്നതിനാൽ ഗീത, തന്റെ സീറ്റിലേക്ക് മടങ്ങാതെ മുഴുവൻ സഹായങ്ങളുമായി ഒപ്പംനിന്നു. വിമാനം ലാൻഡ് ചെയ്തയുടൻ എയർപോർട്ടിലെ ആരോഗ്യപ്രവർത്തർക്കു കൈമാറി.
ഞാൻ ആദ്യം വിചാരിച്ചത് കുഴഞ്ഞുവീണയാളുടെ റിലേറ്റീവ് ആയിരിക്കുമെന്നാണ് മുഴുവൻ നേരവും അദ്ദേഹത്തെ പരിചരിക്കുന്നത് ഗീത ആയിരുന്നു. എല്ലാം കഴിഞ്ഞ് ഇറങ്ങാൻ നേരത്ത് ഗീത എന്റെ സീറ്റിന് മുന്നിൽ വന്നിരുന്നു. ഞാൻ ചോദിച്ചു റിലേറ്റീവ് ആണോ, അവർ അല്ല എന്ന് പറഞ്ഞു. ഞാൻ ഫ്ലോറൻസ് നൈറ്റിങ്ഗേൽ പുരസ്കാരത്തിന് പങ്കെടുക്കാനാണ് ഡൽഹിയിലെത്തിയതാണ്. ആ നിമിഷം തന്നെ മുൻ മന്ത്രി ശൈലജ ടീച്ചറിനെ ഫോണിൽ ബന്ധപ്പെട്ട് വിവരം അറിയിച്ച് ഗീതയുമായി സംസാരിച്ച് സന്തോഷം പങ്കിട്ടു’.- ഡോ. മുഹമ്മദ് അഷീൽ ട്വന്റിഫോറിനോട് പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ 2020ലെ ദേശീയ ഫ്ലോറൻസ് നൈറ്റിങ്ഗേൽ പുരസ്കാരത്തിന് അർഹയായ പി. ഗീത രാഷ്ട്രപതി ഭവനിൽ ഇന്നു രാവിലെ 11നു നടക്കുന്നചടങ്ങിൽ പങ്കെടുക്കാനാണു ഡൽഹിയിലെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നേഴ്സിങ് സൂപ്രണ്ടായി മാർച്ചിൽ വിരമിച്ച ഗീത ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ സേവനം തുടരുകയാണ്. 2019ൽ മികച്ച നേഴ്സിനുള്ള, സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ലഭിച്ചിരുന്നു.
READMORE : കാട്ടാക്കട നിയോജക മണ്ഡലം സമ്പൂർണ മാലിന്യ മുക്തം; നീക്കം ചെയ്തത് 72 ടൺ മാലിന്യം